മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യം അഞ്ച് വര്‍ഷത്തേക്ക് മാത്രമുള്ളതാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടൊലെ. ഈ സഖ്യം ഒരിക്കലും സ്ഥിരം സംവിധാനമല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പ്രബല പാര്‍ട്ടികളായ എന്‍.സി.പി., കോണ്‍ഗ്രസ്, ശിവസേന, ബി.ജെ.പി. പാര്‍ട്ടികളെല്ലാം കഴിഞ്ഞ കാലങ്ങളില്‍ സ്വതന്ത്രമായി തന്നെയാണ് മത്സരിച്ചിട്ടുള്ളത്. 2019 ല്‍ മഹാ വികാസ് അഘാഡി രൂപീകരിക്കുന്നത് ബി.ജെ.പിയെ അധികാരത്തില്‍ തടയുന്നതിന് വേണ്ടിയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ മഹാ വികാസ് അഘാഡി സ്ഥിരം സംവിധാനമല്ല. എല്ലാ പാര്‍ട്ടികള്‍ക്കും സ്വന്തമായി അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള അവകാശമുണ്ട്,’ പടോലെ പറഞ്ഞു.
കോണ്‍ഗ്രസ്-ശിവസേന-എന്‍.സി.പി. പാര്‍ട്ടികളാണ് മഹാ വികാസ് അഘഡിയിലുള്ളത്.
ബി.ജെ.പിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേന, എം.വി.എ. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി 2019 ലെ സംസ്ഥാന തെരഞ്ഞെടുപ്പിനുശേഷം എന്‍.സി.പിയുമായും കോണ്‍ഗ്രസുമായും സഖ്യം ഉണ്ടാക്കുകയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് സേന വേര്‍പിരിഞ്ഞത്.
അതേസമയം സംസ്ഥാനത്ത് വരാനിരിക്കുന്ന മുംബൈ സിവിക് ബോഡി തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നാനാ പടോലെ പറഞ്ഞിട്ടുണ്ട്. ഹൈക്കമാന്റ് അനുവദിച്ചാല്‍ താനായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിനെതിരെ ശിവസേനയും എന്‍.സി.പിയും രംഗത്തെത്തിയിരുന്നു.
‘മഹാവികാസ് അഘാഡിയിലെ ഒരു സുഹൃത്ത്, കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറയുന്നു തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന്. അവര്‍ സര്‍ക്കാരിന്റെ ഭാഗമായിരിക്കും, പക്ഷെ അവര്‍ക്ക് ഒറ്റയ്ക്ക് മത്സരിക്കണം. നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. അതിന് ശേഷം ബാക്കിയുള്ള രണ്ട് പാര്‍ട്ടികള്‍ ഭാവിയെക്കുറിച്ച് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചോളാം,’ ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുന്നത് സോണിയ ഗാന്ധിയും ശരദ് പവാറും ഉദ്ദവ് താക്കറെയും ചേര്‍ന്നായിരിക്കുമെന്നാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി. നേതാവുമായ അജിത് പവാര്‍ പറഞ്ഞത്.