| Saturday, 15th June 2024, 7:14 pm

ഷിന്‍ഡെ പക്ഷത്തെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കില്ല, നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡി ഒരുമിച്ച് മത്സരിക്കും: ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാ വികാസ് അഘാഡി നേതാക്കള്‍ ഒരുമിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഷിന്‍ഡെ വിഭാഗത്തിലെ നേതാക്കള്‍ ഉദ്ധവ് പക്ഷത്തിലേക്ക് തിരിച്ചെത്തിയേക്കുമെന്നുള്ള വാര്‍ത്തകളോടും അദ്ദേഹം പ്രതികരിച്ചു. തന്നെ വിട്ട് പോയവരെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞത്.

‘ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത് വരികയാണ്. ആദ്യം മോദി സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് എന്‍.ഡി.എ സര്‍ക്കാരായി മാറി. ഇനി എത്രകാലം ഈ സര്‍ക്കാര്‍ നിലനില്‍ക്കുമെന്ന് കണ്ടറിയണം,’ ഉദ്ധവ് താക്കറെ പറഞ്ഞു.

മോദിയുടെ ഗ്യാരന്റിയും, 400 സീറ്റുകള്‍ നേടുമെന്ന പ്രചരണവും, വിദ്വേഷ പരാമര്‍ശങ്ങളുമെല്ലാം തെറ്റായിരുന്നു. എന്‍.ഡി.എ സര്‍ക്കാര്‍ മൂന്ന് ചക്രമുള്ള ഓട്ടോറിക്ഷയുടെ അവസ്ഥിയിലാണ് പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

എന്‍.സി.പി നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന്‍ തുടങ്ങി എം.വി.എ സഖ്യത്തിലെ പ്രധാന നേതാക്കള്‍ക്കൊപ്പമായിരുന്നു ഉദ്ധവ് താക്കറെ വാര്‍ത്താ സമ്മേളനം നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സഖ്യത്തിന് മികച്ച വിജയം നല്‍കിയതിന് ജനങ്ങള്‍ക്ക് നേതാക്കള്‍ നന്ദി പറയുകയും ചെയ്തു.

എന്‍.സി.പി നേതാവ് ശരദ് പവാറും മോദിയെ പരിഹസിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി എവിടെയൊക്കെ റോഡ് ഷോകളും റാലികളും നടത്തിയോ അവിടെയെല്ലാം എം.വി.എയും ഇന്ത്യാ മുന്നണിയുമാണ് വിജയിച്ചതെന്ന് ശരദ് പവാര്‍ പറഞ്ഞു. എം.വി.എയ്ക്ക് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Maha Vikas Aghadi to contest assembly polls together: Uddhav Thackeray

We use cookies to give you the best possible experience. Learn more