കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും, ഒരു രൂപക്ക് ചികിത്സ, പെണ്‍കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം; വാഗ്ദാനങ്ങളുമായി മഹാ വികാസ് അഘാഡി സര്‍ക്കാര്‍
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം, മഹാ വികാസ് അഘാഡിയുടെ പൊതുമിനിമം പദ്ധതികള്‍ പ്രഖ്യാപിച്ചു. ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെ, എന്‍.സി.പിയുടെ ജയന്ത് പാട്ടീല്‍, നവാബ് മാലിക് എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് പൊതുമിനിമം പരിപാടി പ്രഖ്യാപിച്ചത്.
എത്രയും പെട്ടെന്നു കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മഹാ വികാസ് അഘാഡി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജോലികളില്‍ നാട്ടുകാര്‍ക്ക് 80 ശതമാനം സംവരണം നല്‍കുമെന്നും സഖ്യം പ്രഖ്യാപിച്ചു. വിളകള്‍ക്ക് ഇന്‍ഷുറന്‍സ്, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വിലയിടല്‍ എന്നിവ കര്‍ഷകര്‍ക്ക് വേണ്ടി ഉടനടി ചെയ്യും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൂടാതെ, സംസ്ഥാനത്തുടനീളം എല്ലാ താലൂക്കുകളിലും ഒരു രൂപക്ക് ചികിത്സ ലഭ്യമാക്കുന്ന ക്ലിനിക്കുകള്‍, എല്ലാ ജില്ലകളിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കല്‍ കോളേജുകളും എല്ലാ പൗരന്‍മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുമെന്നും മഹാ വികാസ് അഘാഡി പറഞ്ഞു.
വനിതകളുടെ സുരക്ഷ ഉറപ്പാക്കല്‍ പ്രഥമ പരിഗണനയാണെന്ന് മഹാ വികാസ് അഘാഡി പ്രഖ്യാപിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം, നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും വര്‍ക്കിങ് വുമണ്‍സ് ഹോസ്റ്റലുകള്‍, അങ്കണവാടികളിലെ സേവികമാരുടെ പ്രതിഫലം കൂട്ടും തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് പലിശരഹിത വിദ്യാഭ്യാസ വായ്പ, ചേരി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ചേരിമേഖലകളിലെ അര്‍ഹരായവര്‍ക്ക് 500 ചതുരശ്ര അടിയിലുള്ള സൗജന്യവീട്, വ്യവസായം ആകര്‍ഷിക്കാന്‍ പരമാവധി ആനുകൂല്യങ്ങള്‍, ഐ.ടി മേഖലയില്‍ കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കാന്‍ നയപരമായ മാറ്റങ്ങള്‍, എസ്.ടി, ധന്‍കര്‍, ഒ.ബി.സി വിഭാഗങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിച്ച് പദ്ധതി, സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ പാക്കേജ് തുടങ്ങിയ പദ്ധതികളും വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.