പി.എം കെയര്‍ ഫണ്ടില്‍ വന്‍ അഴിമതി; മഹാരാഷ്ട്രയില്‍ വിതരണം ചെയ്ത വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമെന്ന് മഹാ വികാസ് അഘാഡി
PM CARE
പി.എം കെയര്‍ ഫണ്ടില്‍ വന്‍ അഴിമതി; മഹാരാഷ്ട്രയില്‍ വിതരണം ചെയ്ത വെന്റിലേറ്ററുകള്‍ ഉപയോഗശൂന്യമെന്ന് മഹാ വികാസ് അഘാഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th May 2021, 11:57 am

മുംബൈ: പി.എം കെയര്‍ ഫണ്ടിന് കീഴില്‍ മഹാരാഷ്ട്രയില്‍ വിതരണം ചെയ്ത വെന്റിലേറ്ററുകളില്‍ വന്‍ അഴിമതി നടന്നതായി മഹാ വികാസ് അഘാഡി. സംസ്ഥാനത്ത് വിതരണം ചെയ്ത വെന്റിലേറ്ററുകളെല്ലാം ഉപയോഗശൂന്യമാണെന്നും ടെക്‌നീഷ്യന്‍മാര്‍ക്ക് പോലും തകരാറുകള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് പറഞ്ഞു.

‘ഇത് വലിയ അഴിമതിയാണ്. പി.എം കെയറിന് കീഴില്‍ നടന്ന വെന്റിലേറ്റര്‍ വിതരണത്തില്‍ സംസ്ഥാനതലത്തില്‍ അന്വേഷണം വേണം,’ സച്ചിന്‍ സാവന്ത് പറഞ്ഞു.

ഔറംഗബാദ് മെഡിക്കല്‍ കോളേജ് വിദഗ്ധരാണ് വെന്റിലേറ്ററിലെ തകരാറുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ പണമാണ് പി.എം കെയര്‍ ഫണ്ടിലുള്ളതെന്നും മാപ്പര്‍ഹിക്കാത്ത തെറ്റാണ് വെന്റിലേറ്ററില്‍ വിതരണത്തിലെ അനാസ്ഥയെന്നും സച്ചിന്‍ പറഞ്ഞു.

നാസിക്, ബീഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വെന്റിലേറ്ററിന്റെ കാര്യക്ഷമതയില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. നേരത്തെ എന്‍.സി.പി നേതാവ് സതിഷ് ചവാനും ആശുപത്രികള്‍ സന്ദര്‍ശിച്ച് സമാന ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മഹാരാഷ്ട്ര സര്‍ക്കാരിനെ നയിക്കുന്ന മുന്നണി ഉന്നയിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Maha Vikas Aghadi alleges ‘big scam’ in ventilators supplied under PM Care