'ഞങ്ങളുടെ കൂട്ടരെ തൊട്ടാല്‍ രാജസ്ഥാന്‍ പൊലീസിന് കാലുണ്ടാകില്ല'; ചുട്ടുകൊലക്കേസ് പ്രതിയെ അനുകൂലിച്ച് ഹിന്ദുത്വരുടെ മഹാപഞ്ചായത്ത്
national news
'ഞങ്ങളുടെ കൂട്ടരെ തൊട്ടാല്‍ രാജസ്ഥാന്‍ പൊലീസിന് കാലുണ്ടാകില്ല'; ചുട്ടുകൊലക്കേസ് പ്രതിയെ അനുകൂലിച്ച് ഹിന്ദുത്വരുടെ മഹാപഞ്ചായത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st February 2023, 9:48 pm

ജയ്പൂര്‍: പശുവിനെ കടത്തിയെന്നാരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിയെ അനുകൂലിച്ച് ഹിന്ദുത്വ സംഘടനകളുടെ മഹാപഞ്ചായത്ത്. ചൊവ്വാഴ്ച ഹരിയാനയിലെ മനേസറിലെ ബാബ ഭീമ ക്ഷേത്രത്തിലാണ് കേസിലെ പ്രതിയായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ മോനു മനേസറിനെ പിന്തുണച്ച് മഹാപഞ്ചായത്ത് നടന്നത്.

2016 മുതല്‍ ബജ്റംഗ്ദളിന്റെ സജീവ പ്രവര്‍ത്തകനാണ് മോനു മനേസര്‍. പശുക്കടത്തുകാര്‍ക്കെതിരെ കൊലവിളിയുയര്‍ത്തുന്നതിന്റെ വീഡിയോകളും മോനു സമൂഹ മാധ്യങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍ തുടങ്ങിയ സംഘടനകളിലെ ആളുകളാണ് പഞ്ചായത്തില്‍ പങ്കെടുത്തതെന്നാണ് വിവിധ ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരിപാടിയില്‍ പ്രസംഗിക്കുന്ന ഒരാള്‍ രാജസ്ഥാന്‍ പൊലീസിനെതിരെ ഭീഷണി മുഴക്കുന്ന ഒരു വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

‘രാജസ്ഥാന്‍ പൊലീസ് ഞങ്ങളുടെ സുഹൃത്തുക്കളെയും അവരുടെ കുടുംബാംഗങ്ങളെയും ഉപദ്രവിച്ചാല്‍, പൊലീസുകാര്‍ക്ക് പിന്നെ കാലില്ലാതെ മടങ്ങേണ്ടി വരും,’ എന്നാണ് ഒരാള്‍ പ്രസംഗിക്കുന്നത്.

വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കി കഴിഞ്ഞ ദിവസവും പ്രതികളെ അനുകൂലിച്ച് ഹരിയാനയില്‍ റാലി നടന്നിരുന്നു. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവരെ ഭസ്മമാക്കി മാറ്റുമെന്നും മോനുവിന് പിന്തുണയറിയിക്കുന്നുവെന്നുമായിരുന്നു റാലിയിലെ മുദ്രാവാക്യങ്ങള്‍.

രാജസ്ഥാന്‍ സര്‍ക്കാരിനെതിരേയും പ്രതിഷേധക്കാര്‍ മുദ്രാവാക്യമുയര്‍ത്തി. കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ സി.ബി.ഐ ഇടപെടണമെന്നും രാജസ്ഥാന്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.

ചൊവ്വാഴ്ചയായിരുന്നു പശുവിനെ കടത്തിയതില്‍ പങ്കുണ്ടെന്നാരോപിച്ച് നാസിര്‍, ജുനൈദ് എന്നിവരെ ബദ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ഇരുവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.