ലഖ്‌നൗ: യു.പി തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിച്ച് മുസാഫര്‍നഗറില്‍ കര്‍ഷകരുടെ മഹാപഞ്ചായത്ത്. കഴിഞ്ഞ ഒന്‍പത് മാസങ്ങളായി നടക്കുന്ന കര്‍ഷക സമരങ്ങളുടെ അടുത്ത പടിയായാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.
അതേസമയം മുസഫര്‍നഗറില്‍ നടക്കുന്ന മഹാപഞ്ചായത്തിലേക്ക് ലക്ഷക്കണക്കിന് കര്‍ഷകരാണ് എത്തിച്ചേര്‍ന്നിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ഇന്റര്‍ കോളേജ് ഗ്രൗണ്ടില്‍ വെച്ചാണ് മഹാപഞ്ചായത്ത് നടക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്നും മോദിയേയും അമിത് ഷായേയും യോഗി ആദിത്യനാഥിനേയും ജനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. മഹാപഞ്ചായത്തിനെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘യു.പിയിലെ ജനങ്ങള്‍ അമിത് ഷാ, നരേന്ദ്ര മോദി, യോഗി ആദിത്യനാഥ് എന്നിവരെ വെച്ചുപൊറുപ്പിക്കില്ല. ഇതുപോലുള്ള സര്‍ക്കാരുകളാണ് നമുക്കുള്ളതെങ്കില്‍ ഇവിടെ കലാപമുണ്ടാകും. ഈ മണ്ണ് പണ്ട് ‘അല്ലാഹു അക്ബര്‍, ഹര്‍ ഹര്‍ മഹാദേവ്’ എന്ന മുദ്രാവാക്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ്. അവര്‍ വിഭജനത്തെക്കുറിച്ചാണ് സംസാരിച്ചത്, എന്നാല്‍ ഞങ്ങളിവിടെ ഐക്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്,” 2013ല്‍ നടന്ന വര്‍ഗീയ ലഹളയെ ഉദ്ധരിച്ച് രാകേഷ് ടികായത്ത് പറഞ്ഞു.
അവസാനവട്ട ചര്‍ച്ചകള്‍ നടന്ന ജനുവരി 22 മുതല്‍ കേന്ദ്രം കര്‍ഷകരെ തിരിഞ്ഞുനോക്കിയില്ലെന്ന് ടികായത് ആരോപിച്ചു. ‘കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 600ലധികം കര്‍ഷകരുടെ മരണത്തില്‍ അവര്‍ ദു:ഖം പ്രകടിപ്പിക്കുക പോലും ചെയ്തില്ല. ഞങ്ങളുടെ പ്രതിഷേധം രാജ്യത്തിന് മുഴുവന്‍ ഉള്‍ക്കൊള്ളാനാവും, ഞങ്ങളുടെ ലക്ഷ്യം രാജ്യത്തെ രക്ഷിക്കുക എന്നതാണ്,’ അദ്ദേഹം പറഞ്ഞു.
പശ്ചിമ ഉത്തര്‍പ്രദേശിലെ ജാട്ട് സമുദായത്തിലെ കര്‍ഷകരാണ് ഇപ്പോള്‍ പ്രതിഷേധത്തില്‍ പ്രധാനമായും പങ്കെടുക്കുന്നത്. കഴിഞ്ഞ യു.പി തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ ബി.ജെ.പിക്ക് കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. ഇപ്പോള്‍ ഇവിടെ പ്രത്യക്ഷമായി പ്രകടമാവുന്ന ബി.ജെ.പി വിരുദ്ധ വികാരം വരുന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് സഹായകമാവുമെന്നാണ് ആര്‍.എല്‍.ഡിയും എസ്.പിയും കണക്കുകൂട്ടുന്നത്.
ഞായറാഴ്ച നടന്ന പ്രതിഷേധത്തില്‍ യു.പി, ഹരിയാന, രാജസ്ഥാന്‍, തെലങ്കാന, കര്‍ണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പങ്കെടുത്തത്.
കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് കിസാന്‍ മോര്‍ച്ച അറിയിച്ചിരിക്കുന്നത്. പ്രതിഷേധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബര്‍ 27ന് ഭാരത് ബന്ദിനും കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.
മഹാപഞ്ചായത്തിന് വേണ്ടി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് ആര്‍.എല്‍.ഡിയും എസ്.പിയും രംഗത്തുണ്ട്. സമരപരിപാടികളില്‍ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും, കര്‍ഷകര്‍ക്കായി ‘ലങ്കാര്‍’ എന്ന പേരില്‍ സമൂഹ അടുക്കള ഒരുക്കിയാണ് പാര്‍ട്ടികള്‍ കര്‍ഷകസമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ പാര്‍ട്ടി ഓഫീസ് സമൂഹ അടുക്കളയ്ക്കായി വിട്ടു നല്‍കുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധങ്ങളുടെ ഭാഗമായി നടക്കുന്ന എല്ലാ പ്രസംഗങ്ങളിലും 2013ലെ മുസഫര്‍നഗര്‍ കലാപം പരാമര്‍ശിക്കപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. ‘ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ ചോരപ്പുഴയൊഴുകിയ മുസാഫര്‍നഗര്‍ ഇതാണ്. പുര കത്തുമ്പോഴും അവര്‍ രാഷ്ട്രീയം കളിക്കുകയായിരുന്നു. സമുദായങ്ങളെ യുദ്ധം ചെയ്യിക്കുന്ന ഒരാള്‍ക്ക് രാജ്യത്തിന്റെ യഥാര്‍ത്ഥ മകനാകാന്‍ കഴിയില്ല,’ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തെ അപലപിക്കാന്‍ നേതാക്കള്‍ കര്‍ഷകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
കിസാന്‍ മോര്‍ച്ച യൂണിറ്റുകള്‍ ജില്ലാടിസ്ഥാനത്തില്‍ രൂപീകരിക്കാനാവശ്യമായ തീരുമാനങ്ങളെടുക്കുന്നതിനായി അടുത്ത മാസം ലഖ്‌നൗവില്‍ യോഗം ചേരുമെന്നും, വരും ദിവസങ്ങളില്‍ ഹരിയാനയിലും രാജസ്ഥാനിലും മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുമെന്നും കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു.
‘കരിമ്പിന്റെ വിലനിര്‍ണയത്തിനായി പ്രതിഷേധങ്ങള്‍ നടത്തുന്നതിനായി ഞങ്ങള്‍ യോഗം ചേരും. പഞ്ചാബിലെ കര്‍ഷകര്‍ക്ക് കരിമ്പിന് ഒരു ക്വിന്റലിന് 360 രൂപയാണ് ഇപ്പോള്‍ പ്രതിഷേധങ്ങളുടെ ഭാഗമായി ലഭിക്കുന്നത്. യു.പിയിലെ കര്‍ഷകര്‍ക്ക് ക്വിന്റലിന് ഇപ്പോഴുള്ള 325 രൂപയേക്കാള്‍ ഉയര്‍ന്ന തുക ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം,’ ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവായ ഡോ. ദര്‍ശന്‍ പാല്‍ അഭിപ്രായപ്പെട്ടു.
അതേസമയം കര്‍ഷകര്‍ നയിക്കുന്ന പ്രതിഷേധം തകര്‍ക്കാന്‍ കുതന്ത്രങ്ങള്‍ മെനയുകയാണ് ബി.ജെ.പി സര്‍ക്കാര്‍. മുസഫര്‍നഗറില്‍ നടക്കുന്ന മഹാപഞ്ചായത്തിലേക്ക് കര്‍ഷകര്‍ എത്താതിരിക്കാനായി കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ചേര്‍ന്ന് നിരവധി ശ്രമങ്ങള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുസഫര്‍നഗറിലെ ഇന്റര്‍നെറ്റ് സേവനം യോഗി സര്‍ക്കാര്‍ പല തവണ തടസ്സപ്പെടുത്തിയെന്നാണ് കര്‍ഷക സംഘടനാ നേതാക്കള്‍ പറയുന്നത്.
ദക്ഷിണേന്ത്യയില്‍ നിന്നടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ സമ്മേളനത്തിനെത്തുന്നത് തടയാനായി തീവണ്ടികള്‍ വൈകിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര സര്‍ക്കാരാണ് ഇതിന് ചുക്കാന്‍ പിടിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെത്തിയവരെ മുസഫര്‍നഗറിലെത്തുന്നതില്‍ നിന്നും തടയാനായി രംഗത്തിറക്കിയത് ജില്ലാ ഭരണകേന്ദ്രത്തെയാണെന്നും കര്‍ഷകര്‍ പറയുന്നുണ്ട്. റോഡുകളില്‍ തടസം സൃഷ്ടിച്ചായിരുന്നു ജില്ലാ ഭരണകേന്ദ്രത്തിന്റെ നടപടിയെന്നും ഇവര്‍ പറഞ്ഞു. സമ്മേളനം നടക്കുന്ന പ്രദേശത്ത് കനത്ത പൊലീസ് സന്നാഹത്തെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്.
കര്‍ഷകരുടെ മിഷന്‍ യു.പി യോഗി ആദിത്യനാഥ് ഭരണത്തിന്റെയും കേന്ദ്രത്തിലെ മോദി-അമിത് ഷാ കൂട്ടുക്കെട്ടിന്റെയും ഉറക്കം കെടുത്താന്‍ തുടങ്ങിയെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെടുന്നത്.
ഒന്‍പത് മാസം മുന്‍പാണ് പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ദല്‍ഹിയിലെത്തി പ്രതിഷേധമാരംഭിക്കുന്നത്. താങ്ങുവിലയടക്കമുള്ള കര്‍ഷകന്റെ അടിസ്ഥാന അവകാശങ്ങള്‍ എടുത്തുകളഞ്ഞ് ഈ രംഗത്തെ പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കാനുള്ള ശ്രമമാണ് ഈ കാര്‍ഷികവിരുദ്ധ നിയമങ്ങളെന്നും ഇവ പിന്‍വലിച്ചേ മതിയാകൂ എന്നുമാണ് കര്‍ഷകരുടെ ആവശ്യം.