ന്യൂദൽഹി: മഹാകുംഭമേളയിലെ ജലത്തിന്റെ ഗുണനിലവാരം കുളിക്കാൻ അനുയോജ്യമായിരുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സി.പി.സി.ബി) പുതിയ റിപ്പോർട്ട്. ഉയർന്ന കോളിഫോം ബാക്ടീരിയയുടെ വർധിച്ച അളവ് കാരണം കുംഭമേളയ്ക്കിടെ പ്രയാഗ്‌രാജിലെ പല സ്ഥലങ്ങളിലും വെള്ളം കുളിക്കാൻ അനുയോജ്യമല്ലെന്നായിരുന്നു നേരത്തെ നൽകിയ റിപ്പോർട്ട്.
ഒരേ സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്ത തീയതികളിൽ എടുത്ത ജല സാമ്പിളുകൾ വ്യത്യാസപ്പെട്ടതിനാൽ ഡാറ്റയിലെ പൊരുത്തക്കേടുകൾ കാരണം ഒരു സ്റ്റാറ്റിസ്റ്റിക്കൽ വിശകലനം ആവശ്യമാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പറഞ്ഞിരുന്നു.
ഫെബ്രുവരി 17ന് സി.പി.സി.ബി സമർപ്പിച്ച ഒരു റിപ്പോർട്ട് പ്രകാരം പ്രയാഗ്‌രാജിലെ വെള്ളത്തിൽ ഫീക്കൽ കോളിഫോം അളവ് കൂടുതലാണെന്ന് പറഞ്ഞിരുന്നു. ജനുവരി രണ്ടാം വാരത്തിൽ നടത്തിയ പരിശോധനയിലായിരുന്നു ഇത് കണ്ടെത്തിയത്. തുടർന്ന് പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലത്തെ വെള്ളത്തിന്റെ ഗുണനിലവാരം മോശമാണെന്നും വെള്ളത്തിൽ ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം അടങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി) ഫെബ്രുവരി 17 ന് ദേശീയ ഹരിത ട്രൈബ്യൂണലിനെ (എൻ.ജി.ടി) അറിയിച്ചു.
എന്നാൽ ഫെബ്രുവരി 28ന് ട്രിബ്യൂണലിന്റെ വെബ്‌സൈറ്റിൽ പുതിയതായി അപ്‌ലോഡ് ചെയ്ത റിപ്പോർട്ടിൽ, ജനുവരി 12 മുതൽ ഗംഗാ നദിയിലെ അഞ്ച് സ്ഥലങ്ങളിലും യമുന നദിയിലെ രണ്ട് സ്ഥലങ്ങളിലും സ്നാന ദിനങ്ങൾ ഉൾപ്പെടെ ആഴ്ചയിൽ രണ്ടുതവണ ബോർഡ് ജല നിരീക്ഷണം നടത്തിയതായി പറയുന്നു.
‘ഒരേ സ്ഥലത്ത് നിന്ന് വ്യത്യസ്ത തീയതികളിൽ എടുത്ത സാമ്പിളുകളുടെ pH, അലിഞ്ഞുചേർന്ന ഓക്സിജൻ (DO), ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ് (BOD), ഫെക്കൽ കോളിഫോം കൗണ്ട് (FC) എന്നിങ്ങനെ വിവിധ പാരാമീറ്ററുകളിലെ മൂല്യങ്ങളിൽ കാര്യമായ വ്യത്യാസമുണ്ട്. പ്രത്യേക സ്ഥലത്തും സമയത്തും എടുത്ത സാമ്പിളുകള്‍ ജലത്തിന്റെ ഗുണനിലവാരത്തിന്റെ ചെറിയ ചിത്രം മാത്രമേ പ്രതിനിധീകരിക്കുന്നുള്ളൂ,’ റിപ്പോർട്ടിൽ പറയുന്നു.
100 മില്ലി ലിറ്ററിന് 2,500 യൂണിറ്റ് എന്നതാണ് ഫിക്കൽ കോളിഫോം ബാക്ടീരിയുടെ അനുവദനീയ പരിധി. പുതിയ റിപ്പോർട്ട് അനുസരിച്ച്, കുംഭമേളയിലെ വെള്ളത്തിലെ ഫീക്കൽ കോളിഫോം ബാക്ടീരിയുടെ ശരാശരി മൂല്യം 100 മില്ലി ലിറ്ററിൽ 1,400 ആയി കുറഞ്ഞു.
Content Highlight: Maha Kumbh water was safe to bathe? CPCB’s new report takes U-turn, cites ’variability in data’