national news
പൊലീസിന്റെ കാലിൽ പിടിച്ച് കരഞ്ഞു പക്ഷെ സഹായിച്ചില്ല: കുംഭമേളയിൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 02, 09:17 am
Sunday, 2nd February 2025, 2:47 pm

പ്രയാഗ്‌രാജ്: കുംഭ മേളയിൽ ജനുവരി 29 ന് ഉണ്ടായ അപകടത്തിൽ പൊലീസ് തങ്ങളെ സഹായിക്കാൻ ശ്രമിക്കില്ലെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ.

കുംഭമേളയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിലെ വാർഡുകൾ ജനുവരി 29 ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട ഇരകളാൽ നിറഞ്ഞിരിക്കുകയാണ്.

ബീഹാർ , പശ്ചിമ ബംഗാൾ, കർണാടക എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ആളുകളാണ് ആശുപത്രിയിൽ കൂടുതലും. തങ്ങൾ ഇപ്പോഴും ജീവനോടെയുണ്ടെന്നത് അത്ഭുതമാണെന്ന് അവർ പറയുന്നു. കുറഞ്ഞത് 30 പേർക്കെങ്കിലും അപകടത്തിൽ ജീവൻ നഷ്ടമായിരുന്നു. 60 ലധികം പേർക്ക് പരിക്കേറ്റു.

ത്രിവേണി സംഗമത്തിൽ അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷം മൂന്ന് കിലോമീറ്റർ അകലെയുള്ള ജുസിയിൽ രണ്ടാമത്തെ അപകടം ഉണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.

ജുസിയിലെ സംഭവം പുലർച്ചെ 5.30 ഓടെയാണ് നടന്നതെന്ന് അവർ പറഞ്ഞു. ത്രിവേണി സംഗമത്തിൽ നടന്നത് പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ്. രണ്ടാമത്തെ അപകടം ഉണ്ടായതിന്റെ റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് മഹാ കുംഭ് ഡി.ഐ.ജി വൈഭവ് കൃഷ്ണ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ നിന്ന് പ്രായമായ അമ്മയടക്കം മറ്റ് നാല് കുടുംബാംഗങ്ങൾക്കൊപ്പം കുംഭ മേളക്കെത്തിയ 32 കാരനായ രഞ്ജൻ മണ്ഡൽ തന്റെ അമ്മക്ക് അപകടം ഉണ്ടായതായി പറഞ്ഞു. ‘ജനുവരി 29 ന് രാവിലെ 12 മണിക്ക് ശേഷം ഞങ്ങൾ സംഗമത്തിൽ മുങ്ങാൻ പോവുകയായിരുന്നു. പെട്ടെന്ന്, എൻ്റെ അമ്മ സഹായത്തിനായി നിലവിളിക്കുന്നത് ഞാൻ കേട്ടു.’അമ്മ ഒരു ബാഗിൽ തട്ടി നിലത്ത് വീണുപോയിരുന്നു. ഏഴോ എട്ടോ ആളുകൾ അമ്മയെ ചവിട്ടിമെതിക്കുന്നത് ഞാൻ കണ്ടു. എൻ്റെ അമ്മ മരിച്ചുവെന്ന് ഞാൻ കരുതി. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല . ഞങ്ങൾ സമീപത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കാലിൽ തൊട്ട് അപേക്ഷിച്ചു. പക്ഷെ ആരും സഹായിച്ചില്ല,’ അദ്ദേഹം പറഞ്ഞു.

വാരണാസിയിൽ നിന്നുള്ള ഒരാളാണ് മണ്ഡലിൻ്റെ അമ്മയെ സഹായിച്ചത്. അദ്ദേഹം അവരെ എടുത്ത് അടുത്തുള്ള ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെയാകട്ടെ രാവിലെ ആറ് മണി വരെ ആംബുലൻസിനായി കുടുംബം കാത്തിരിക്കേണ്ടി വന്നു.

തിക്കിലും തിരക്കിലും പെട്ട 35 കാരനായ രാം പ്രസാദ് എന്ന ചെറുപ്പക്കാരന്റെയും അവസ്ഥ മറ്റൊന്നുമായിരുന്നില്ല. ‘രണ്ടോ മൂന്നോ സ്ത്രീകൾ എൻ്റെ മുന്നിൽ മരിക്കുന്നത് ഞാൻ കണ്ടു. എൻ്റെ അമ്മ ചവിട്ടേറ്റ് വീണു. ശ്വാസം കിട്ടാതെ അമ്മ പിടയുന്നതും ഞാൻ കണ്ടു,’രാംപ്രസാദ് പറഞ്ഞു.

അപകടത്തിൽപ്പെട്ട എല്ലാവർക്കും പറയാനുള്ളത് കൃത്യമായ മാനേജ്മെന്റിന്റെ അഭാവത്തെക്കുറിച്ചാണ്. അപകടത്തിൽപ്പെട്ട ആളുകളെ സഹായിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്നും അവർ പറയുന്നു.

‘പൊലീസിന്റെ പ്രവർത്തനം വളരെ മോശമായിരുന്നു,’ കൊൽക്കത്തയിൽ നിന്നുള്ള 36കാരൻ, പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് അദ്ദേഹത്തിൻ്റെ അമ്മായിയമ്മ മരണപ്പെട്ടിരുന്നു. ‘ഞാൻ പൊലീസിനോട് സഹായത്തിനായി അഭ്യർത്ഥിച്ചു, പക്ഷേ അവർ സഹായിച്ചില്ല,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: Maha Kumbh stampede survivors say ‘touched cops’ feet but no one helped’