പ്രയാഗ്‌രാജ്: 30 പേരുടെ മരണത്തിനിടയാക്കിയ കുംഭമേളയിൽ കുടുങ്ങിയ ആയിരക്കണക്കിന് ഹിന്ദു തീർത്ഥാടകർക്ക് അഭയം നൽകി മുസ്‌ലിം പള്ളികളും ദർഗകളും.
കുംഭമേളയിൽ, മുസ്‌ലിം സമുദായത്തിനെതിരെ വംശീയ വിദ്വേഷ പരാമർശങ്ങൾ ഉയർത്തുകയും അവരുടെ വ്യാപാരം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് അഖില ഭാരതീയ അഖാര പരിഷത്ത് (എ.ബി.എ.പി ) ഉൾപ്പെടെയുള്ള ഹിന്ദു വലതുപക്ഷ സംഘടനകൾ പ്രഖ്യാപിക്കുക വരെ ചെയ്ത വേളയിലാണ് ഈ സാമുദായിക ഐക്യപരമായ നടപടി.
ഹിന്ദു സമുദായത്തിലെ ആളുകളോട് അവരുടെ സമുദായത്തിലെ കച്ചവടക്കാരിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാവൂ എന്നും സനാതന വിഭാഗത്തിൽ പെട്ടവരല്ലാത്ത ആരെങ്കിലും കച്ചവടം നടത്തുന്നതായി കണ്ടെത്തിയാൽ അധികാരികളെയോ സംഘടനയെയോ അറിയിക്കണമെന്നും തീവ്രഹിന്ദുത്വവാദികൾ പറഞ്ഞിരുന്നു.
തിക്കിലും തിരക്കിലും പെട്ട് 30 പേർ മരണപ്പെട്ട അപകടം ഉണ്ടായതോടെ ഉത്തർപ്രദേശ് അധികൃതർ പ്രധാന സ്ഥലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾ അടച്ചു. ഇതോടെ ആയിരക്കണക്കിന് തീർത്ഥാടകർ വീടുകളിലേക്ക് മടങ്ങാൻ വഴിയില്ലാതെ കുടുങ്ങി. തുടർന്നാണ് ഇവർക്ക് പള്ളികളിലും മറ്റുമായി താമസ സൗകര്യം നൽകിയത്.
പള്ളികൾ, ദർഗകൾ , ഇമാംബരകൾ, അവരുടെ വീടുകൾ എന്നിവ താൽക്കാലിക ഷെൽട്ടറുകളാക്കി മാറ്റുകയായിരുന്നു. ഏകദേശം 25,000-26,000ത്തോളം തീർത്ഥാടകരെ ഇവിടെ താമസിപ്പിച്ചു.
ഭക്തരെ സംരക്ഷിക്കുന്നതിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുകയും അവർക്ക് ഭക്ഷണവും കിടക്കാനുള്ള സൗകര്യവും ദർഗകളുടെയും പള്ളികളുടെയും മാനേജ്‌മന്റ് നൽകി.
കുടുങ്ങിപ്പോയ ഭക്തർക്ക് ഖുൽദാബാദ്, നഖസ് കോഹ്ന, റോഷൻ ബാഗ്, ഹിമ്മത്ഗഞ്ച്, റാണി മാണ്ഡി, ഷാഗഞ്ച് എന്നീ ആറ് സ്ഥലങ്ങളിലാണ് അഭയം ഒരുക്കിയത്. ഖുൽദാബാദ് സബ്സി മാണ്ഡി മസ്ജിദ്, ബഡാ ടാസിയ ഇമാംബര, ഹിമ്മത്ഗഞ്ച് ദർഗ, ചൗക്ക് മസ്ജിദ് എന്നിവയുൾപ്പെടെ നിരവധി ആരാധനാലയങ്ങൾ ആയിരക്കണക്കിന് ഭക്തർക്ക് ആതിഥേയത്വം വഹിച്ചു.
‘തിക്കിലും തിരക്കിലും പെട്ട് തണുപ്പിൽ പൊരുതുന്ന ആയിരക്കണക്കിന് ആളുകളെയാണ് ഞങ്ങൾ കണ്ടത്. ധാരാളം ആളുകൾക്ക് അഭയം നൽകുന്നതിനായി ഞങ്ങൾ പള്ളികളും ദർഗകളും ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങൾ വേഗത്തിൽ തുറന്നു. കണ്ടുമുട്ടിയ എല്ലാവർക്കും ഞങ്ങൾ താമസവും ഭക്ഷണവും ഒരുക്കി. പ്രയാഗ്‌രാജിലെ അതിഥികൾ എന്ന നിലയിൽ, അവരെ പരിചരിക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തി,’ ബഹാദൂർഗഞ്ചിൽ നിന്നുള്ള മുഹമ്മദ് ഇർഷാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Content Highlight: Maha Kumbh: Mosques, imambaras shelter 26K stranded pilgrims after stampede