|

മഹാ കുംഭമേളയല്ല 'മരണ'കുംഭമേള; യു.പി സര്‍ക്കാരിനെതിരെ മമതയുടെ രൂക്ഷവിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മഹാ കുംഭമേളയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കുംഭമേളക്കെത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാജയപ്പെട്ടുവെന്ന് മമത പറഞ്ഞു.

മഹാ കുംഭമേളയെ ‘മരണമേള’ എന്നും മമത വിശേഷിപ്പിച്ചു. നിയമസഭയില്‍ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.

കുഭമേളക്കിടെ ആള്‍ക്കൂട്ട അപകടങ്ങള്‍, തീപിടിത്തം, വാഹനാപകടം എന്നിവ നടന്ന പശ്ചാത്തലത്തിലാണ് മമതയുടെ വിമര്‍ശനം. വി.ഐ.പികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കുമ്പോള്‍ സാധാരണക്കാരായ തീര്‍ത്ഥാടകരെ യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും മമത പറഞ്ഞു.

ശരിയായ ആസൂത്രണത്തിന്റെ കുറവ് കുംഭമേളയില്‍ ഉണ്ടായിട്ടുണ്ടെന്നും മമത ചൂണ്ടിക്കാട്ടി. ഇന്ത്യയെ വിഭജിക്കുന്നതിനായി ബി.ജെ.പി സര്‍ക്കാര്‍ മതത്തെ വില്‍ക്കുന്നുവെന്നും മമത പറഞ്ഞു.

മഹാ കുംഭമേളയെയും ഗംഗ നദിയെയും താന്‍ ബഹുമാനിക്കുന്നു. എന്നാല്‍ കുംഭമേളയില്‍ യാതൊരു വിധത്തിലുമുള്ള ആസൂത്രണവും നടന്നിട്ടില്ല. മരണത്തില്‍ നിന്ന് യു.പി സര്‍ക്കാര്‍ എത്ര പേരെ രക്ഷപ്പെടുത്തി? ഒരു ലക്ഷം രൂപ കൊടുത്താല്‍ വി.ഐ.പികള്‍ക്ക് ടെന്റുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ലഭിക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും മമത സഭയില്‍ പറഞ്ഞു.

കുംഭമേളയിലെ തിക്കിലും തിരക്കിലുംപ്പെട്ട് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കാതെ ബംഗാളിലേക്ക് അയച്ചുവെന്നും മമത ആരോപിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്ന് അവകാശപ്പെട്ട് പലര്‍ക്കും ധനസഹായം നിഷേധിച്ചുവെന്നും മമത കൂട്ടിച്ചേര്‍ത്തു.

ജനുവരിയില്‍ കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 30 പേരാണ് മരിച്ചത്. മൗനി അമാവാസി ദിനത്തില്‍ പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം ചെയ്യാന്‍ ആളുകള്‍ തടിച്ചുകൂടിയതോടെയാണ് അപകടം ഉണ്ടായത്. ബാരിക്കേഡ് തകര്‍ന്നത് അപകടത്തിന് കാരണമായെന്നാണ് യു.പി സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

പിന്നാലെ ദല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തിയ 18 പേരാണ് മരിച്ചത്. മരണപ്പെട്ടവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെട്ടിരുന്നു. യാത്രക്കാര്‍ ട്രെയിനുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടത്തിന് കാരണമായത്.

ഇതിനുപുറമെ കുംഭമേള നടക്കുന്ന സെക്ടര്‍ 18, 19 മേഖലകളില്‍ തീപിടിത്തവും ഉണ്ടായിരുന്നു. തീപ്പിടുത്തത്തില്‍ ജീവഹാനിയൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതിനിടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കുംഭമേളക്കെത്തുന്നവരും പങ്കെടുത്ത് മടങ്ങുന്നവരും ദിവസങ്ങളുടെ വ്യത്യാസത്തില്‍ വാഹനാപകടങ്ങളില്‍ അകപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മമത യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയത്.

Content Highlight: Maha Kumbh Mela is ‘death’ Kumbh Mela; Mamata’s harsh criticism against the UP government