ഗസ: തനിക്ക് നല്‍കിയ ധീരതയ്ക്കുള്ള മാധ്യമ പുരസ്‌കാരം (Courage in Journalism ) റദ്ദാക്കിയ ഇന്റര്‍നാഷണല്‍ വിമന്‍സ് മീഡിയ ഫൗണ്ടേഷന്‍ (ഐ.ഡബ്ല്യു.എം.എഫ്). ന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി പുരസ്‌കാരത്തിന് അര്‍ഹയായ ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തക മാഹാ ഹുസൈനി. യു.എസ് വിമര്‍ശനത്തിന് പിന്നാലെയായിരുന്നു. ഐ.ഡബ്ല്യു.എം.എഫ് പുരസ്‌കാരം റദ്ദാക്കിയത്.
ജൂണ്‍ 10 നാണ് ഐ.ഡബ്ല്യു.എം.എഫ് ‘കറേജ് ഇന്‍ ജേണലിസം’ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പുരസ്‌കാരം ലഭിച്ച മൂന്ന് പേരില്‍ ഒരാളായിരുന്നു ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകയായ മാഹാ ഹുസൈനി.
ഗസയില്‍ ഇസ്രഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയുമായി ബന്ധപ്പെട്ട് മിഡില്‍ ഈസ്റ്റ് ഐയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ക്കായിരുന്നു പുരസ്‌കാരം. ഗസ മുനമ്പില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ട് സ്‌റ്റോറികളായിരുന്നു അവാര്‍ഡിനായി പരിഗണിച്ചത്.
എന്നാല്‍ മാഹാ ഹുസൈനിക്ക് പുരസ്‌കാരം നല്‍കിയതിനെതിരെ വിമര്‍ശനവുമായി യു.എസ് രംഗത്തെത്തി. ഇസ്രഈലി അധിനിവേശത്തിന് കീഴിലുള്ള തന്റെ ജീവിതാനുഭവങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടും അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പിനെ പിന്തുണച്ചുമുള്ള മാഹയുടെ പഴയ ട്വീറ്റുകള്‍ റിട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു യു.എസിലെ വലതുപക്ഷ ഗ്രൂപ്പുകളും ചില പ്രസിദ്ധീകരണങ്ങളും ഐ.ഡബ്ല്യു.എം.എഫിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചത്.
ഹുസൈനിയെ ‘ഹമാസ് അനുഭാവിയും’ ‘ജൂത വിരുദ്ധയും’ ആയി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. ഇതിന് പിന്നാലെ
ജൂണ്‍ 19 ന് ഐ.ഡബ്ല്യു.എം.എഫ് പുരസ്‌കാരം റദ്ദാക്കിയതായി പ്രസ്താവന പുറത്തിറക്കി.
‘ഞങ്ങളുടെ സംഘടനയുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി മുന്‍പ് മാഹാ ഹുസൈനി നടത്തിയ ചില ഇടപെടലുകളെ കുറിച്ച് ഐ.ഡബ്ല്യു.എം.എഫ് മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട് സംഘടന അവര്‍ക്ക് നല്‍കിയിരുന്ന ധീരതയ്ക്കുള്ള പത്രപ്രവര്‍ത്തന അവാര്‍ഡ് ഞങ്ങള്‍ റദ്ദാക്കുകയാണ്.
സമഗ്രതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരായ ചെറുത്തുനില്‍പ്പിനേയും അടിസ്ഥാനമാക്കിയാണ് ഐ.ഡബ്ല്യു.എം.എഫ് പുരസ്‌കാരം നല്‍കുന്നത്. ആ തത്വങ്ങള്‍ പാലിക്കാതിരിക്കുകയും അതിന് വിരുദ്ധമായ രീതിയില്‍ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്നവരോട് സംഘടന പൊറുക്കില്ല, അവരെ പിന്തുണക്കില്ല,’ ഇതായിരുന്നു കുറിപ്പിന്റെ ചുരുക്കം.
ഇതിന് പിന്നാലെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മാഹാ ഹുസൈനി രംഗത്തെത്തിയത്. ധീരതയ്ക്ക് പുരസ്‌കാരം നേടുക എന്നതിനര്‍ത്ഥം ആക്രമണങ്ങള്‍ക്ക് വിധേയയാകുക എന്നല്ലെന്നും അതിനിടയിലും നിങ്ങളുടെ ജോലി തുടരാന്‍ തീരുമാനിക്കുക എന്നതാണെന്നും മാഹാ ഹുസൈനി പറഞ്ഞു.
ഈ സാഹചര്യം തിരിച്ചറിഞ്ഞിട്ടും തനിക്ക് പുരസ്‌കാരം നല്‍കിയ സംഘടന തന്നെ ചില സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പുരസ്‌കാരം പിന്‍വലിച്ചു എന്നതില്‍ ഖേദിക്കുന്നെന്നും ധീരമായ നിലപാടുകളില്‍ നിന്ന് അവര്‍ പിന്നോട്ടു പോയി എന്നതില്‍ തനിക്ക് വിഷമമുണ്ടെന്നും മാഹാ ഹുസൈനി പറഞ്ഞു.
‘എന്റെ ജീവന്‍ അപകടത്തിലാക്കിയേക്കാവുന്ന ഒരു തീരുമാനം അവര്‍ എടുത്തിരിക്കുന്നു, എനിക്ക് പ്രഖ്യാപിച്ച പുരസ്‌കാരം അവര്‍ റദ്ദാക്കിയിരിക്കുന്നു. ഒരു തരത്തില്‍ എനിക്ക് പുരസ്‌കാരം ലഭിച്ചതും പിന്നീട് അത് പിന്‍വലിച്ചതും ഫലസ്തീന്‍ പത്രപ്രവര്‍ത്തകര്‍ അവരുടെ കരിയറിലുടനീളം അനുഭവിക്കുന്ന ശാരീരികവും ധാര്‍മ്മികവുമായ ആക്രമണങ്ങളെ വ്യക്തമായി പ്രകടമാക്കുന്നതാണ്. അതില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്.
ഈ ഭീഷണികളും സ്വഭാവഹത്യകളും നമ്മെ നിശബ്ദരാക്കാനും ആഗോള മാധ്യമങ്ങളിലെ ദീര്‍ഘകാല പക്ഷപാതം നിലനിര്‍ത്താനും മാത്രമാണ് സഹായിക്കുന്നത്. എന്റെ ജോലി ഒരിക്കലും പുരസ്‌കാരങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല. എന്നെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഞാന്‍ ഒരിക്കലും അപേക്ഷ സമര്‍പ്പിച്ചിട്ടില്ല.
ഞാന്‍ പത്രപ്രവര്‍ത്തനം ഒരു തൊഴിലായി തെരഞ്ഞെടുത്തില്ല. ഫലസ്തീനികളുടെ കഷ്ടപ്പാടുകള്‍ ലോകം എത്രത്തോളം അവഗണിക്കുന്നുവെന്നും ഇസ്രഈലിന്റെ സമ്മര്‍ദങ്ങള്‍ക്ക് പലരും എങ്ങനെയാണ് വഴങ്ങുന്നതെന്നും തിരിച്ചറിഞ്ഞ ശേഷമാണ് ഞാനൊരു പത്രപ്രവര്‍ത്തകയായത്. ഒരു ഫലസ്തീനിയന് പത്രപ്രവര്‍ത്തകയ്ക്ക് പുരസ്‌കാരം പ്രഖ്യാപിച്ചാല്‍ ഉണ്ടാകുന്ന അപവാദ പ്രചരണങ്ങള്‍ എന്തെല്ലാമാണെന്ന് ഞാന്‍ മനസിലാക്കുന്നു. ഇസ്രഈല്‍ അധിനിവേശത്തെ പിന്തുണയ്ക്കുന്നവരും സയണിസ്റ്റ് ലോബികളും അവാര്‍ഡ് നല്‍കുന്ന സംഘടനകള്‍ക്ക് മേല്‍ ചുമത്തുന്ന സമ്മര്‍ദ്ദം എത്രയാണെന്നും ഞാന്‍ തിരിച്ചറിയുന്നു.
ചില സംഘടനകള്‍ അവരുടെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും പുരസ്‌കാരത്തിന് അര്‍ഹരായ പത്രപ്രവര്‍ത്തകരെ ബഹുമാനിക്കാനുള്ള അവരുടെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ, ചിലര്‍ സമ്മര്‍ദത്തിന് വഴങ്ങി പുരസ്‌കാരങ്ങള്‍ പിന്‍വലിക്കുന്നു.
മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്ന ഭീഷണികള്‍ തിരിച്ചറിയുകയും അവരുടെ സംരക്ഷണത്തിന് മുന്‍കൈ എടുക്കുകയും ചെയ്യുന്നതിനുപകരം, ഇസ്രഈല്‍ വംശഹത്യയില്‍ 150 ലധികം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ഗസയിലെ ഒരു ഫലസ്തീന്‍ പത്രപ്രവര്‍ത്തകയില്‍ നിന്ന് സമ്മാനം പിന്‍വലിക്കാനുള്ള തീരുമാനമാണ് അവര്‍ എടുത്തിരിക്കുന്നത്. ഇത് അവരെ കൂടുതല്‍ അപകടത്തിലാക്കും. അവര്‍ ഇനിയും ഉന്നംവെക്കപ്പെടും.
ഈ അവാര്‍ഡ് റദ്ദാക്കുന്നതിലേക്ക് നയിച്ച ഏതെങ്കിലും പോസ്റ്റുകളിലോ പ്രതികരണങ്ങളിലോ എനിക്ക് പശ്ചാത്താപമില്ല, എന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് ഞാന്‍ തുടരും. പത്രപ്രവര്ത്തകയാകുന്നതിന് മുമ്പ് തന്നെ സൈനിക അധിനിവേശം, ഉപരോധം, ഗസയിലെ വംശഹത്യ എന്നിവയെ അഭിമുഖീകരിച്ച് ജീവിക്കേണ്ടി വന്ന ഒരു ഫലസ്തീനിയാണ് ഞാന്‍,’ മാഹാ ഹുസൈനി പറഞ്ഞു.
Content Highlight: Maha Hussaini about International Women’s Media Foundation rescinded the 2024 Courage in Journalism Award