മുംബൈ: മഹാരാഷ്ട്രയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു വ്യക്തമാക്കി സംസ്ഥാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. നിതിന്‍ റാവത്ത്. ഈ നിയമം ഇന്ത്യയെന്ന ആശയത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് ഉറച്ചുവിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഞങ്ങളുടെ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല. ഈ നിയമം ഇന്ത്യയെന്ന ആശയത്തിനും ഭരണഘടനയ്ക്കും എതിരാണെന്നു ഞങ്ങളുടെ പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നു.’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ നയം എന്താണോ അതു തങ്ങള്‍ പിന്തുടരും എന്നായിരുന്നു മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബാലാസാഹേബ് തൊറാട്ട് ഇന്നലെ പ്രതികരിച്ചത്. നിലവില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഹൈക്കമാന്‍ഡിന്റെ തീരുമാനം പാര്‍ട്ടി നടപ്പാക്കുമെന്നുമായിരുന്നു തോറോട്ട് പറഞ്ഞത്.
പഞ്ചാബിലും കേരളത്തിലും ബംഗാളിലും നിയമം നടപ്പിലാക്കില്ലെന്ന് അതാതു മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢിലും സമാന നിലപാടാണെന്നാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍ പ്രതികരിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധം അഞ്ചാം ദിവസത്തിലേക്കു കടന്നിരിക്കുകയാണ്.
ശനിയാഴ്ച രാവിലെ ദല്‍ഹിയിലെ രാംലീലാ മൈതാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ‘ഭാരത് ബച്ചാവോ’ റാലി നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, നേതാക്കളായ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് റാലി നടക്കുക.
നേതാക്കളായ അഹമ്മദ് പട്ടേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്നിക്, അവിനാശ് പാണ്ഡെ തുടങ്ങിയവരും പങ്കെടുക്കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയില്‍ റാലി നടക്കുന്ന അതേസമയം തന്നെ ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദേശരാജ്യങ്ങളില്‍ ഓവര്‍സീസ് കോണ്‍ഗ്രസും വിവിധ രൂപത്തിലുള്ള പ്രതിഷേധങ്ങള്‍ നടത്തും.
വെള്ളിയാഴ്ച അസം, മേഘാലയ, ബംഗാള്‍, ദല്‍ഹി എന്നിവിടങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കു നേരെ പൊലീസ് ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തതോടെ അക്രമാസക്തമായിരുന്നു.