ഫഡ്‌നാവിസ്, അത്തേവലെ രാജ് താക്കറെ എന്നിവരുടെ സുരക്ഷ വെട്ടിക്കുറച്ചു; ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് സുരക്ഷയേര്‍പ്പെടുത്തി, വേട്ടയാടുകയാണ് ഉദ്ദവ് താക്കറെയെന്ന് ബി.ജെ.പി
മുംബൈ: മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്രമന്ത്രി രാംദാസ് അത്തേവാല, എം.എന്‍.എസ് മേധാവി രാജ് താക്കറെ എന്നിവരുടെ സുരക്ഷ സംവിധാനങ്ങള്‍ വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനെതിരെ രാഷ്ട്രീയമായി തങ്ങളെ വേട്ടയാടുകയാണെന്നാരോപിച്ച് ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.
വി.ഐ.പികള്‍ക്ക് നല്‍കിയിട്ടുള്ള സുരക്ഷ സംവിധാനങ്ങളെപ്പറ്റി ഇടയ്ക്കിടെ അവലോകനം നടത്താറുണ്ടെന്നും അതിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
2019ലാണ് അവസാന അവലോകന യോഗം നടന്നത്. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ പിന്നീട് ഇത്തരം യോഗങ്ങള്‍ നടന്നില്ല. വി.ഐ.പികള്‍ക്ക് അവര്‍ വഹിക്കുന്ന പദവിയുടെ പ്രത്യേകത മൂലം ധാരാളം ഭീഷണികള്‍ ഉണ്ടാകാറുണ്ട്. സ്ഥാനമൊഴിയുമ്പോള്‍ അത്തരം ഭീഷണികള്‍ ഇല്ലാതാകുന്നു. ഈ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്, സര്‍ക്കാര്‍ കുറിപ്പില്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ ഭരണം നടത്തുന്ന ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ബി.ജെ.പിയെ വേട്ടയാടുന്നുവെന്നതിന്റെ തെളിവാണിതെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
കൊവിഡ് കാലത്തും ലോക്ഡൗണ്‍ സമയത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര നടത്തിയയാളാണ് ഫഡ്‌നാവിസെന്നും അദ്ദേഹത്തിന്റെ സുരക്ഷ വെട്ടിച്ചുരുക്കിയത് കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ബി.ജെ.പി നേതൃത്വം പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ, ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍, യുവസേന സെക്രട്ടറി വരുണ്‍ ദേശായി എന്നിവര്‍ക്ക് പുതുതായി സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ റാം നായികിന്റെ സുരക്ഷയും വെട്ടിക്കുറച്ചിട്ടുണ്ട്. അതോടൊപ്പം ബി.ജെ.പി നേതാവ് സൂധീര്‍ മുംഗാന്തിറിന്റെയും സുരക്ഷസംവിധാനം ഒഴിവാക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക