| Sunday, 4th September 2022, 2:10 pm

'കമ്മ്യൂണിസ്റ്റുകളെ ക്രൂരമായി ഇല്ലായ്മ ചെയ്ത മഗ്സസെ'; അവാര്‍ഡ് നിരസിച്ചതിനുള്ള കാരണം വ്യക്തമാക്കി സീതാറാം യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കെ.കെ. ശൈലജ രമണ്‍ മഗ്സസെ പുരസ്‌കാരം നിരസിച്ചത് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതിന് നിരവധി ഘടകങ്ങളുണ്ടെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ.കെ. ശൈലജ തന്നെയാണ് അവാര്‍ഡ് നിരസിക്കുന്ന കാര്യം എന്‍.ജി.ഒയെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളം മഹാമാരിയെ പ്രതിരോധിച്ചത് സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. അതൊരു വ്യക്തിയുടെ മാത്രം പ്രവര്‍ത്തനത്തിന്റെ ഫലമല്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഫിലിപ്പിയന്‍സിലെ കമ്മ്യൂണിസ്റ്റുകളെ ക്രൂരമായി ഇല്ലായ്മ ചെയ്ത മഗ്സസിന്റെ പേരിലുള്ള അവാര്‍ഡ് ആണെന്നതും അത് അവാര്‍ഡ് നിരസിക്കാനുള്ള ഒരു ഘടകമാണെന്ന് സീതാറാം യെച്ചൂരി ചൂണ്ടികാട്ടി.

സീതാറാം യെച്ചൂരിയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം:

പാര്‍ട്ടിയില്‍ കൂട്ടായി ചര്‍ച്ച ചെയ്തിരുന്നു. കെ.കെ. ശൈലജ തന്നെയാണ് അവാര്‍ഡ് നിരസിക്കുന്ന കാര്യം എന്‍.ജി.ഒയെ അറിയിച്ചത്. കേരളം മഹാമാരിയെ പ്രതിരോധിച്ചത് സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്. അതൊരു വ്യക്തിയുടെ മാത്രം പ്രയത്നം കൊണ്ടല്ല. മഗ്സസെ വ്യക്തികള്‍ക്ക് മാത്രമാണ് പുരസ്‌കാരം നല്‍കുന്നത്.

രണ്ടാമത് ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിന് ഇതുവരേയും മക്സസെ പുരസ്‌കാരം നല്‍കിയിട്ടില്ല. ആദ്യമായിട്ടാണ് ഒരാളെ പരിഗണിക്കുന്നത്. എന്നാല്‍ ശൈലജ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗമാണ്. രാഷ്ട്രീയത്തില്‍ സജീവമാണ്.

മൂന്നാമത്തെ കാര്യം മഗ്സസെയുടെ പേരിലുള്ള അവാര്‍ഡ് ആണെന്നതിലാണ്. ഫിലിപ്പിയന്‍സിലെ കമ്മ്യൂണിസ്റ്റുകളെ ക്രൂരമായി ഇല്ലായ്മ ചെയ്ത ഒരു ചരിത്രമുണ്ട്. ഇതെല്ലാം ഘടകമാണ്. അതിനാലാണ് ബഹുമാനത്തോടെ കെ.കെ. ശൈലജ ബഹുമാനത്തോടെ പുരസ്‌കാരം നിരസിച്ചത്. ഇതിന് പുറമേ എന്തുകൊണ്ട് അവര്‍ ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനെ പരിഗണിച്ചതെന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം കണക്കിലെടുത്തായിരുന്നു മുന്‍ ആരോഗ്യ മന്ത്രി ശൈലജയെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്. സംസ്ഥാനത്ത് നിപ, കൊവിഡ്-19 നിയന്ത്രിക്കുന്നതിന് മുന്നില്‍ നിന്ന് ഫലപ്രദമായി നേതൃത്വം നല്‍കിയതിനാണ് രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ശൈലജയെ 64ാമത് മഗ്സസെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. നിപ ബാധയും കൊവിഡ് പകര്‍ച്ചവ്യാധിയും ഫലപ്രദമായി കൈകാര്യം ചെയ്തതിന് കേരളം ആഗോള അംഗീകാരം നേടിയിരുന്നു.

‘ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കേരളം എന്ന ചെറിയ സംസ്ഥാനം എങ്ങനെ ശാസ്ത്രീയമായ രീതിയില്‍ മഹാമാരിക്കെതിരെ പോരാടുന്നു’ എന്ന് എടുത്തുകാണിച്ച് വിവിധ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ശൈലജയെയും സംസ്ഥാനത്തെ പൊതു ആരോഗ്യ സംവിധാനങ്ങളെയും പ്രാധാന്യത്തോടെ അവതരിപ്പിച്ചിരുന്നു.

ഏഷ്യയുടെ നൊബേല്‍ സമ്മാനമായി പരക്കെ അറിയപ്പെടുന്ന രമണ്‍ മഗ്സസെ അവാര്‍ഡ് അന്തരിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പേരിലുള്ള അന്തര്‍ദേശീയ ബഹുമതിയാണ്. ഫിലിപ്പൈന്‍സിന്റെ മൂന്നാമത്തെ പ്രസിഡണ്ടായിരുന്ന രമണ്‍ ഡെല്‍ ഫിറോ മാഗ്സസെ. 1953 മുതല്‍ 1957-ല്‍ വിമാനപകടത്തില്‍ മരിക്കുന്നതുവരെ ഫിലിപൈന്‍സിന്റെ പ്രസിഡണ്ടായിരുന്നു. നാസിയോനലിസ്റ്റ പാര്‍ട്ടിയെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.

പൊതുസേവനം, സാമുദായിക നേതൃത്വം, പത്രപ്രവര്‍ത്തനം, സര്‍ക്കാര്‍ സേവനം, സമാധാനം എന്നിവയ്ക്ക് നല്‍കുന്ന പുരസ്‌കാരമാണ് മാഗ്‌സസെ അവാര്‍ഡ്.

അതിനിടെ കഴിഞ്ഞ ദിവസം ഈ വര്‍ഷത്തെ മഗ്‌സസെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാത്തേര ചിം (കംബോഡിയ), ബെര്‍ണാഡെറ്റ് മാഡ്രിഡ് (ഫിലിപ്പൈന്‍സ്), തദാഷി ഹട്ടോറി (ജപ്പാന്‍), ഗാരി ബെഞ്ചെഗിബ് (ഇന്തോനേഷ്യ) എന്നിവരാണ് 2022ലെ രമണ്‍ മഗ്സസെ അവാര്‍ഡ് ജേതാക്കള്‍.

Content Highlight: ‘Magsaysay who brutally exterminated the Communists’; CPIM General Secretary Sitaram Yechury clarified the reason for refusing the award

We use cookies to give you the best possible experience. Learn more