അരപോയന്റരികെ കാള്‍സണ്‍ ചെസ്സിലെ പുതിയ ലോകരാജന്‍
DSport
അരപോയന്റരികെ കാള്‍സണ്‍ ചെസ്സിലെ പുതിയ ലോകരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st November 2013, 7:34 pm

[]ചെന്നൈ: ലോക ചെസ്സ് സിംഹാസനത്തില്‍ പുതിയ രാജാവായുള്ള നേര്‍വ്വെയുടെ മാഗ്നസ് കാള്‍സന്റെ സ്ഥാനാരോഹണം ഏറെക്കുറെ ഉറപ്പായി. ചെന്നൈയില്‍ നടക്കുന്ന ലോകചെസ് ചാമ്പ്യന്‍ഷിപ്പിലെ ഒന്‍പതാം ഗെയിമിലും ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് തോല്‍വി.

ശേഷിക്കുന്ന മൂന്ന്  മത്സരങ്ങളില്‍ നിന്ന് അര പോയന്റ് ലഭിച്ചാല്‍ കാള്‍സണ്‍ ചെസ്സിലെ പുതിയ ലോകരാജാവാകും. ചെന്നൈയില്‍ വ്യാഴാഴ്ച നടന്ന ഒന്‍പതാം ഗെയിമില്‍ 28 നീക്കങ്ങള്‍ക്കൊടുവിലാണ് ആനന്ദിനെ കാള്‍സണ്‍ തോല്‍പ്പിച്ചത്.

ചാമ്പന്‍ഷിപ്പിലെ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കളിച്ച ആനന്ദി തുടക്ക മുതല്‍ ആക്രമണകരമായ നീക്കങ്ങളാണ് നടത്തിയത്. എന്നാല്‍ 28-ാം നീക്കത്തില്‍ ആനന്ദ് നടത്തിയ പിഴവ് മുതലാക്കി കാള്‍സണ്‍ വിജയം പിടിച്ച് വാങ്ങുകായിരുന്നു.

നേരത്തെ അഞ്ചും ആറും ഗെയിമുകളിലും ആനന്ദ് പരാജയപ്പെട്ടിരുന്നു. ആനന്ദ് നടത്തിയ പിഴവുകള്‍ തന്നെയായിരുന്നു ഈ ഗെയിമുകളും തോല്‍വിയില്‍ കലാശിക്കാന്‍ കാരണമായത്.

ലോകചാമ്പ്യന്‍പട്ടം നിലനിര്‍ത്താമെന്ന ആനന്ദിന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി ഇന്നത്തെ തോല്‍വി. മൂന്ന് മത്സരങ്ങള്‍ അവശേഷിക്കെ ചാമ്പന്‍ഷിപ്പിലെ ആനന്ദിന്റെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.

ഇനിയുള്ള മത്സരങ്ങള്‍ മൂന്നും ജയിച്ചാല്‍ മാത്രമേ ആനന്ദിന് പ്രതീക്ഷക്ക് വകയുള്ളൂ. എതിരാളിയായ കാള്‍സണ്‍ മികച്ച ഫോമിലാണെന്നിരിക്കെ ഇത് ഏറെക്കുറെ അപ്രാപ്യമാണ്.

ഇന്നത്തെ ജയത്തോടെ കാള്‍സണ് ആറ് പോയന്റായി. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഏതെങ്കിലും ഒന്ന് സമനിലയായാല്‍പ്പോലും നിലവിലെ ചാമ്പ്യനായ ആനന്ദിന് കിരീടം നഷ്ടമാവും.

ജയത്തിന് ഒരു പോയന്റും സമനിലയ്ക്ക് അര പോയന്റും സമ്മാനിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 6.5 പോയന്റ് നേടുന്നയാള്‍ വിജയിയാവും. പന്ത്രണ്ടാം മത്സരത്തിന് ശേഷവും ഇരുവരും തുല്യ പോയന്റില്‍ തുടരുകയാണെങ്കില്‍ സഡന്‍ഡെത്തിലൂടെ വിജയികളെ കണ്ടെത്തും.

2.55 മില്യണ്‍ യുഎസ് ഡോളറാണ് മത്സര വിജയിയെ കാത്തിരിക്കുന്നത്.