ഹോക്ക് ഐ/ വിബീഷ് വിക്രം
തീര്‍ത്തും ഒരു ബൗദ്ധിക വിനോദമാണ് ചെസ്സ്. കറുപ്പും വെളുപ്പും ഇടകലര്‍ന്ന 64 കളങ്ങളില്‍ മനസ്സിലെ കണക്ക് കൂട്ടലുകള്‍ക്കനുസരിച്ച് കരുക്കള്‍ നീക്കി മുന്നേറുന്ന കളി. അകക്കണ്ണില്‍ നിമിഷാര്‍ധത്തില്‍ ഉരിത്തിരിയുന്ന അനേകം നീക്കങ്ങള്‍. ഒടുവിലൊന്നിലുറപ്പിച്ച് കരുക്കള്‍ നീക്കി പ്രതിയോഗിയെ വെട്ടി വീഴ്ത്തി മുന്നേറി കീഴടക്കുന്ന യുദ്ധസമാനമായ വിനോദം.
ഇവിടെ പ്രതിയോഗികള്‍ തമ്മില്‍ ശാരീരിക സ്പര്‍ശമില്ല. എന്നാല്‍ ശരീരങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുന്ന മത്സരവേദികളിലെ അക്രമണോത്സുകതക്ക് സമമാണ് ചെസ്സ് പലകകള്‍ക്ക് ചുറ്റും രൂപം കെള്ളുന്നതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചോരചിന്താത്ത പരസ്പരമുള്ള ഏറ്റുമുട്ടല്‍.
ബോര്‍ഡിനപ്പുറവുമിപ്പുറവും യുദ്ധം ജയിക്കാനായി രണ്ട് പോരാളികള്‍ എത്തിക്കഴിഞ്ഞു. പരിചയും പടക്കോപ്പുമില്ലാതെ തീര്‍ത്തും നിരായുധരായ രണ്ട് പേര്‍. ഒരാള്‍ ചെസ്സില്‍ അശ്വമേധം നടത്തി വിരാജിച്ച രാജാവെങ്കില്‍, മറ്റെയാള്‍ കിരീടവകാശം ഉന്നയിച്ചെത്തുന്ന രാജകുമാരന്‍. അവര്‍ക്ക് മുന്നിലെ പോരാട്ടഭൂമിയില്‍ അണിനിരന്നരിക്കുന്നു ആജ്ഞക്ക് കാതോര്‍ത്ത് അക്ഷൗഹിണി പട.
പരാജിതനായതോ ഇന്ത്യയുടെ സ്വന്തം വിശ്വനാഥന്‍ ആനന്ദ്. അഞ്ച് വട്ടം ലോകകിരീടം മറ്റാര്‍ക്കും നല്‍കാതെ മാറോടണച്ചു പിടിച്ചവന്‍. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കാന്‍ഡിഡേറ്റ് ടുര്‍ണ്ണമെന്റില്‍ റഷ്യക്കാരനായ അലക്‌സ് ഡ്രീവിനെ തോല്‍പ്പിച്ച് തുടങ്ങിയ ആനന്ദിന്റെ പടയോട്ടം വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു 22 കാരന്റെ മുന്നില്‍ അവസാനിച്ചിരിക്കുന്നു.
ചെസ്സിലെ മൊസാര്‍ട്ടെന്ന് കാള്‍സണെ വിശേഷിപ്പിച്ചത് വാഷിംഗ്ടണ്‍ പോസ്റ്റാണ്. ഒരര്‍ത്ഥത്തില്‍ അത് ശരിതന്നെ. താളാത്മകമാണ് കാള്‍സന്റെ കരുനീക്കങ്ങള്‍. അതിനൊരു വശീകരണ ശക്തിയുണ്ട്. പ്രതിയോഗിയെ ആകര്‍ഷിച്ച് തന്റേതായ വരുതിയിലേക്ക് വലിച്ചെത്തിക്കുന്ന വശീകരണ ശക്തി. ഈ ആകര്‍ഷണ ശക്തി കാള്‍സന്റെ ഓരോ നീക്കങ്ങളിലും ഒളിഞ്ഞിരിപ്പുണ്ട്. ഇതറിയാതെ കരു നീക്കുന്ന പ്രതിയോഗി കാല്‍സന്റെ വലയില്‍ വീഴുന്നു.
അടുത്തപേജില്‍ തുടരുന്നു
കാള്‍സന്റെ മിടുക്ക് കാരണമാണ് താന്‍ പരാജിതനാ യതെന്നായിരുന്നു ആനന്ദിന്റെ തുറന്ന് പറച്ചില്‍. “കാള്‍സണ്‍ ശരിക്കും മേധാവിത്വം പുലര്‍ത്തി. എന്റെ പിഴവുകള്‍ സ്വാഭാവികമായിരുന്നില്ല. അതിന് കാരണം കാള്‍സന്റെ കളിയാണ്”.
ലോകചാമ്പന്യന്‍ഷിപ്പിലും ഇത് തന്നെയാണ് സംഭവിച്ചത്. കാള്‍സന്റെ മിടുക്കാണ് തന്നെ തോല്‍പ്പിച്ചതെന്ന് ആനന്ദ് തന്നെ തുറന്ന് സമ്മതിക്കുകയുണ്ടായി. ആദ്യ രണ്ട് മത്സരങ്ങളില്‍ ആനന്ദിന്റെ ഗെയിംപ്ലാന്‍ മനസ്സിലാക്കാനായിരുന്നു കാള്‍സണ്‍ ശ്രമിച്ചത്. പിന്നീടുള്ള രണ്ട് ഗെയിമുകളിലും ജയിക്കാനുറച്ച് പോരാടിയ കാല്‍സണ്‍ അതിനടുത്ത് വരെ എത്തുകയും ചെയ്തു. പ്രത്യേകിച്ച് നാലാം ഗെയിമില്‍.
അഞ്ചും ആറും ഒന്‍പതും ഗെയിമുകളില്‍ ആനന്ദിനെ പരാജയപ്പെടുത്തിയ കാള്‍സണ്‍ ലോകചാമ്പ്യന്‍ പട്ടത്തിനടുത്തെത്തി. പത്താം മത്സരത്തിലെ സമനിലയോടെ കാള്‍സണ്‍ ലോക ചെസ്സിലെ പുതിയ രാജാവായി അഭിഷിക്തനായി. പിഴവുകള്‍ ആവര്‍ത്തിച്ച് ഏറ്റ് വാങ്ങിയ തന്റെ പരാജയം സ്വാഭാവികമായിരുന്നില്ലെന്ന് ആനന്ദ് തന്നെ പത്താം ഗെയിമിന് ശേഷം വ്യക്തമാക്കിയിരുന്നു.
കാള്‍സന്റെ മിടുക്ക്് കാരണമാണ് താന്‍ പരാജിതനായതെന്നായിരുന്നു ആനന്ദിന്റെ തുറന്ന് പറച്ചില്‍. “കാള്‍സണ്‍ ശരിക്കും മേധാവിത്വം പുലര്‍ത്തി. എന്റെ പിഴവുകള്‍ സ്വാഭാവികമായിരുന്നില്ല. അതിന് കാരണം കാള്‍സന്റെ കളിയാണ്”. ആനന്ദിന്റെ ഈ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാവും കളിയിലെ കാള്‍സന്റെ മേധാവിത്വം. ഒന്‍പതാം ഗെയിം ആനന്ദ് തോറ്റപ്പോള്‍ ഇംഗ്ലീഷ് ഗ്രാന്‍ഡ് മാസ്റ്റര്‍ നിഗെല്‍ ഷോര്‍ട്ട് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു ഒരു യുഗം അവസാനിക്കുന്നുവെന്ന്്.
കാള്‍സണെന്ന ചെസ്സിലെ ഹാരിപോര്‍ട്ടറുടെ മനകണക്കുകകള്‍ക്കും അതിനനുസരിച്ചുള്ള ചടുലനീക്കങ്ങള്‍ക്കും മുമ്പില്‍ പതറി ആനന്ദ് പരാജയം സമ്മതിക്കുമ്പോള്‍ അത് ഒരു യുഗാന്ത്യമാണെന്നന്ന കാര്യം വിദഗ്ധരും ശരി വെക്കുന്നു. ഒപ്പം ഒരു പുതുയുഗപ്പിറവിയും. ഇനി വരും നാളുകള്‍ സാക്ഷിയാവാനിരിക്കുന്നത് ചെസ്സിലെ ഈ മൊസ്സാര്‍ട്ടിന്റെ മാന്ത്രിക നീക്കങ്ങള്‍ക്കും സമര്‍ഗ്ഗാധിപത്യത്തിനുമെന്ന് ഇപ്പഴേ അടിവരയിട്ട് പറയുന്നു മിക്കവരും. കാത്തിരുന്നു കാണാം. കളത്തിലെ പുതിയ അധിപന്റെ കരുനീക്കങ്ങളും തേരോട്ടങ്ങളും അശ്വമേധവും.