മോഡേണ്‍ ഡേ ഫുട്‌ബോളിന്റെ രണ്ട് ധ്രുവങ്ങളാണ് മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഇരുവരെയും കുറിച്ച് ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു ദിവസം പോലും ഫുട്‌ബോള്‍ ലോകത്ത് ഉണ്ടാവാന്‍ സാധ്യതയില്ല.
ഫുട്‌ബോളില്‍ റൊണാള്‍ഡോയെയും മെസിയെയും പോലെ ചെസ്സിലെ ഇതിഹാസമാണ് നോര്‍വീജിയന്‍ ഗ്രാന്‍ഡ് മാസ്റ്ററും ലോക ഒന്നാം നമ്പര്‍ താരവുമായ മാഗ്‌നസ് കാള്‍സണ്‍. റയല്‍ മാഡ്രിന്റെ കട്ട ഫാനായ ഇദ്ദേഹം ഇഷ്ട ടീമിന്റെ മത്സരങ്ങള്‍ കാണാനായി സ്റ്റേഡിയത്തിലെത്താറുമുണ്ട്.
റയലിന്റെ ഹാര്‍ഡ് കോര്‍ ഫാന്‍ ആണെങ്കില്‍ക്കൂടിയും മെസിയാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ഫേവറിറ്റ് താരം. റൊണാള്‍ഡോയെക്കാള്‍ മികച്ചത് മെസിയാണെന്നാണ് അദ്ദേഹം കരുതുന്നത്.
ഫ്‌ളെക്‌സ് ഫ്രിഡ്മാന്‍ പോഡ്കാസ്റ്റിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സോക്കറിലെ ഏറ്റവും മികച്ച താരമാരെന്നുള്ള ചോദ്യത്തിനായിരുന്നു കാള്‍സന്റെ മറുപടി.
‘ലയണല്‍ മെസിയല്ലാത്ത മറ്റാരെങ്കിലും ഇത്രത്തോളം മികച്ച ഓള്‍റൗണ്ട് ഗെയിം പുറത്തെടുക്കുമെന്ന് ചിന്തിക്കാന്‍ ബുദ്ധിമുട്ടാണ്,’ അദ്ദേഹം പറഞ്ഞു.
🗣♟ Magnus Carlsén, the greatest chess player of all time and also a Real Madrid fan, admits Messi is the best ever, but also how he was forced to say Ronaldo was his favourite.. 😳👀
മെസിയാണ് ഇഷ്ടതാരമെങ്കിലും തന്റെ റയല്‍ മാഡ്രിഡ് ഫാന്‍ഡത്തെ കുറിച്ചും അദ്ദേഹം മനസു തുറന്നു.
‘റൊണാള്‍ഡോ റയലിലെത്തുന്നതിന് മുമ്പ് തന്നെ ഞാന്‍ റയലിന്റെ ആരാധകനായിരുന്നു – രണ്ടാമത്തെ റൗണാള്‍ഡോ ആദ്യത്തെയല്ല (റൊണാള്‍ഡോ നസാരിയോ). എനിക്ക് റൊണാള്‍ഡോയെ ഏറെ ഇഷ്ടമാണ്. എന്നാല്‍ മെസിയാണ് മികച്ചവന്‍ എന്നാണ് ഞാന്‍ കരുതുന്നത്,’ താരം പറഞ്ഞു.
എന്നാല്‍ ഒരിക്കല്‍ റൊണാള്‍ഡോയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരന്‍ എന്ന് പറയാന്‍ റയല്‍ മാഡ്രിഡ് നിര്‍ബന്ധിച്ചതായും അദ്ദേഹം പറയുന്നു.
‘ഞാന്‍ ഒരുപാട് റയല്‍ മാഡ്രിഡ് മത്സരങ്ങള്‍ക്ക് പോയിട്ടുണ്ട്. അതെപ്പോഴും എന്നെ സംബന്ധിച്ച് സഹായകരവും മികച്ചതുമായിരുന്നു.
ഒരിക്കല്‍ അവര്‍ പറഞ്ഞു, ഒരു ഇന്റര്‍വ്യൂ നടത്താന്‍ പോവുകയാണ് എന്ന്. എന്റെ ഏറ്റവും പ്രിയപ്പെട്ട താരമാരാണെന്ന് എന്നോട് ചോദിച്ചു. ആ സമയത്ത് ഞാന്‍ മറ്റാരുടെയോ പേര് പറഞ്ഞു, ഇസ്‌കോയുടെ പേരാണ് പറഞ്ഞതെന്നാണ് ഓര്‍മ.
എന്നാല്‍ അവര്‍ കട്ട് പറയുകയും രണ്ടാമത്തെ ടേക്കില്‍ റൊണാള്‍ഡോയുടെ പേര് പറയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അവരെ സംബന്ധിച്ച് അത് ഏറെ പ്രധാനപ്പെട്ടതാവും, എന്നാല്‍ എന്നെ സംബന്ധിച്ച് അങ്ങനെയല്ല,’ കാള്‍സണ്‍ പറഞ്ഞു.
നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലാണ് റൊണാള്‍ഡോ കളിക്കുന്നത്. റയലില്‍ നിന്നും ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്കായിരുന്നു റൊണാള്‍ഡോ പോയത്. ശേഷം തന്റെ പഴയ കളിത്തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് മടങ്ങിയെത്തുകയായിരുന്നു.