[]ചെന്നൈ: ചെസ്സിലെ ലോക ജേതാവിനെ കണ്ടെത്താനായി ചെന്നൈയില്‍ നടക്കുന്ന ലോക ചെസ് ചാംമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന് വീണ്ടും തോല്‍വി. ആറാം ഗെയിമിലും എതിരാളി മാഗ്‌നസ് കാള്‍സണില്‍ നിന്നും ആനന്ദിന് തോല്‍വി പിണഞ്ഞു.
കറുത്ത കരുക്കളുമായി കളി തുടങ്ങിയ കാള്‍സണ്‍ 67 നീക്കങ്ങള്‍ക്കൊടുവിലാണ് ആനന്ദിനെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററുടെ ചാമ്പ്യന്‍ഷിപ്പിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നേരത്തെ അഞ്ചാം ഗെയിമിലും ആനന്ദ് തോറ്റിരുന്നു.
ജയത്തോടെ ചാംമ്പ്യന്‍ഷിപ്പില്‍ കാള്‍സണ് ആനന്ദിനെക്കാള്‍ രണ്ട് പോയന്റ് ലീഡായി. രണ്ട് ജയവും നാല് സമനിലയുമടക്കമാണ് കാള്‍സണ് നാല് പോയന്റായത്. നാല് സമനിലകളില്‍ നിന്നായി നേടിയ രണ്ട് പോയന്റാണ് ആനന്ദിനുള്ളത്.
ചാംമ്പ്യന്‍ഷിപ്പിലെ ആദ്യ നാല് മത്സരങ്ങള്‍ സമനിലയിലവസാനിച്ചിരുന്നു.വെളുപ്പു കരുക്കളുമായി കളി തുടങ്ങിയ ആനന്ദിന് ആആനുകൂല്യം മുതലെടുക്കാനായില്ല. കഴിഞ്ഞ ദിവസം കാള്‍സണ്‍ ജയം സ്വന്തമാക്കിയത് വെളുത്ത കരുക്കളുമായിട്ടായിരുന്നു.
ജയത്തിന് ഒരു പോയന്റും സമനിലയ്ക്ക് അര പോയന്റും സമ്മാനിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 6.5 പോയന്റ് നേടുന്നയാള്‍ വിജയിയാവും.
പന്ത്രണ്ടാം മത്സരത്തിന് ശേഷവും ഇരുവരും തുല്യ പോയന്റില്‍ തുടരുകയാണെങ്കില്‍ സഡന്‍ഡെത്തിലൂടെ വിജയികളെ കണ്ടെത്തും. 2.55 മില്യണ്‍ യുഎസ് ഡോളറാണ് മത്സര വിജയിയെ കാത്തിരിക്കുന്നത്.