|

ഞാന്‍ റൊണാള്‍ഡോയുടെ ആരാധകന്‍, എന്നാല്‍ മികച്ചത് മെസിയാണെന്ന് പറയാന്‍ മടിയില്ല; വ്യക്തമാക്കി മാഗ്നസ് കാള്‍സണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ മെസിയും റൊണാള്‍ഡോയുമെന്ന പോലെ ചെസ്സില്‍ ഗോട്ട് സ്റ്റാറ്റസുള്ള താരങ്ങളില്‍ പ്രധാനിയാണ് നോര്‍വീജയന്‍ ഗ്രാന്‍ഡ് മാസ്റ്ററും ലോക ഒന്നാം നമ്പര്‍ താരുവുമായ മാഗ്നസ് കാള്‍സണ്‍. റയല്‍ മാഡ്രിന്റെ ആരാധകനായ ഇദ്ദേഹം ഇഷ്ട ടീമിന്റെ മത്സരങ്ങള്‍ കാണാനായി മിക്കപ്പോഴും സ്റ്റേഡിയത്തിലെത്താറുമുണ്ട്.

റയലിന്റെ കട്ട ഫാന്‍ ആണെങ്കിലും മെസിയാണ് തന്റെ പ്രിയപ്പെട്ട ഫുട്‌ബോളറെന്ന് അദ്ദഹം പറഞ്ഞിട്ടുണ്ട്. റൊണാള്‍ഡോയെക്കാള്‍ മികച്ചത് മെസിയാണെന്നാണ് കാള്‍സണ്‍ വിശ്വസിക്കുന്നത്.

ഫ്‌ളെക്‌സ് ഫ്രിഡ്മാന്‍ പോഡ്കാസ്റ്റില്‍ ഇക്കാര്യം കാള്‍സണ്‍ നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. സോക്കറിലെ ഏറ്റവും മികച്ച താരമാരെന്നുള്ള ചോദ്യത്തിനായിരുന്നു ഗ്രാന്‍ഡ് മാസ്റ്ററുടെ മറുപടി.

‘ലയണല്‍ മെസിയല്ലാത്ത മറ്റാരെങ്കിലും ഇത്രത്തോളം മികച്ച ഓള്‍റൗണ്ട് ഗെയിം പുറത്തെടുക്കുമെന്ന് ചിന്തിക്കാന്‍ ബുദ്ധിമുട്ടാണ്,’ എന്നായിരുന്നു കാള്‍സണിന്റെ മറുപടി.

റയല്‍ മാഡ്രിഡിനോടുള്ള തന്റെ ആരാധനയെ കുറിച്ചും കാള്‍സണ്‍ മനസു തുറന്നു.

‘റൊണാള്‍ഡോ റയലിലെത്തുന്നതിന് മുമ്പ് തന്നെ ഞാന്‍ റയലിന്റെ ആരാധകനായിരുന്നു. ഞാന്‍ ഉദ്ദേശിച്ചത് രണ്ടാമത്തെ റൊണാള്‍ഡോയെയാണ്, ആദ്യത്തെയല്ല (റൊണാള്‍ഡോ നസാരിയോ). എനിക്ക് റൊണാള്‍ഡോയെ ഏറെ ഇഷ്ടമാണ്. എന്നാല്‍ മെസിയാണ് മികച്ചവന്‍ എന്നാണ് ഞാന്‍ കരുതുന്നത്,’ താരം പറഞ്ഞു.

എന്നാല്‍ ഒരിക്കല്‍ റൊണാള്‍ഡോയാണ് മികച്ച താരമെന്ന് പറയാന്‍ റയല്‍ മാഡ്രിഡ് നിര്‍ബന്ധിച്ചതായും അദ്ദേഹം പറയുന്നു.

‘ഞാന്‍ ഒരുപാട് റയല്‍ മാഡ്രിഡ് മത്സരങ്ങള്‍ക്ക് പോയിട്ടുണ്ട്. അതെപ്പോഴും എന്നെ സംബന്ധിച്ച് സഹായകരവും മികച്ചതുമായിരുന്നു.

ഒരിക്കല്‍ ഒരു ഇന്റര്‍വ്യൂ നടത്താമെന്ന് അവര്‍ പറഞ്ഞു. എന്റെ ഏറ്റവും പ്രിയപ്പെട്ട താരം ആരാണെന്ന് എന്നോട് ചോദിച്ചു. ആ സമയത്ത് ഞാന്‍ മറ്റാരുടെയോ പേരാണ് പറഞ്ഞത്, ഇസ്‌കോയുടെ പേരാണ് പറഞ്ഞതെന്നാണ് ഓര്‍മ.

എന്നാല്‍ അവര്‍ കട്ട് പറയുകയും രണ്ടാമത്തെ ടേക്കില്‍ റൊണാള്‍ഡോയുടെ പേര് പറയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അവരെ സംബന്ധിച്ച് അത് വലുതാകും, എന്നാല്‍ എന്നെ സംബന്ധിച്ച് അത് അങ്ങനെയല്ല,’ കാള്‍സണ്‍ പറഞ്ഞു.

Content Highlight: Magnus Carlsen on Messi vs Ronaldo GOAT debate