കൂട്ടമാനഭംഗം: മൊഴി രേഖപ്പെടുത്തുന്നത് തടയാന്‍ പോലീസ് ഇടപെട്ടെന്ന മജിസ്‌ട്രേറ്റിന്റെ പരാതി അന്വേഷിക്കണമെന്ന് ഷീലാ ദീക്ഷിത്
India
കൂട്ടമാനഭംഗം: മൊഴി രേഖപ്പെടുത്തുന്നത് തടയാന്‍ പോലീസ് ഇടപെട്ടെന്ന മജിസ്‌ട്രേറ്റിന്റെ പരാതി അന്വേഷിക്കണമെന്ന് ഷീലാ ദീക്ഷിത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th December 2012, 11:55 am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് തടയാന്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായുള്ള മജിസ്‌ട്രേറ്റിന്റെ പരാതി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ഷീല ദീക്ഷിത്.[]

ഇക്കാര്യം ആവശ്യപ്പെട്ട് ഷീലാ ദീക്ഷിത് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയ്ക്ക് കത്തയച്ചു. മൊഴി രേഖപ്പെടുത്തുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതായാണ് പരാതി.

വസന്ത് വിഹാറിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉഷാ ചതുര്‍വേദിയാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇതിനിടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മൊഴി ക്യമറയില്‍ റെക്കോഡ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായാണ് മജിസ്‌ട്രേറ്റിന്റെ പരാതി.

മജിസ്‌ട്രേറ്റിന്റെ പരാതി അതീവ ഗൗരവകരമാണെന്ന് ഷീലാ ദീക്ഷിത് ആഭ്യന്തരമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

മജിസ്‌ട്രേറ്റ് അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ തടസം ചെയ്തതായാണ് പരാതി നല്‍കിയിരിക്കുന്നത്.  ഈ പരാതി വളരെ ഗൗരവമുള്ളതാണ്. അതിനാല്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എന്നാല്‍ മജിസ്‌ട്രേറ്റിന്റെ പരാതി തെറ്റാണെന്നും അദ്ദേഹം പെണ്‍കുട്ടിയെ ചോദ്യം ചെയ്യുമ്പോള്‍ അത് തടയാന്‍ പോലീസിലെ ഒരു ഉദ്യോസ്ഥനും ചെന്നിട്ടില്ലെന്നുമാണ് പോലീസിന്റെ വാദം.

മജിസ്‌ട്രേറ്റ് പരാതിയില്‍ പറയുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അന്ന് ആശുപത്രിയില്‍ പോലും ഉണ്ടായിരുന്നില്ലെന്നും പെണ്‍കുട്ടിടെ നിര്‍ണായക മൊഴി രേഖപ്പെടുത്തുമ്പോള്‍ പെണ്‍കുട്ടിയോടൊപ്പം അദ്ദേഹം മാത്രമേ ആ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ എന്നും പോലീസ് വ്യക്തമാക്കുന്നു. മജിസ്‌ട്രേറ്റിന് പരാതിയുണ്ടെങ്കില്‍ വീണ്ടും പെണ്‍കുട്ടിയുടെ മൊഴി എടുക്കാവുന്നതാണെന്നും പോലീസ് പറഞ്ഞു.

ദല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പതിനായിരക്കണക്കിന് പേരാണ് ദല്‍ഹിയിലെ രാഷ്ട്രപതിഭവന് മുന്നില്‍ കഴിഞ്ഞ ദിവസങ്ങളായി പ്രതിഷേധ പ്രകടനം നടത്തുന്നത്.