മുംബൈ: ആത്മഹത്യാ പ്രേരണാ കേസില്‍ അറസ്റ്റിലായ റിപബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയില്‍ അപമര്യാദയായി പെരുമാറിയതിനാണ് മജിസ്‌ട്രേറ്റ് അര്‍ണബിനെ താക്കീത് ചെയ്തത്. കോടതിയില്‍ പാലിക്കേണ്ട മര്യാദകള്‍ കൃത്യമായി പാലിക്കണമെന്ന് കോടതി അര്‍ണബിനോട് പറഞ്ഞു. മജ്‌സ്‌ട്രേറ്റിന്റെ ഡയസിലേക്ക് ചാടിക്കേറാന്‍ ശ്രമിച്ചതിനും ശബ്ദം ഉയര്‍ത്തി സംസാരിച്ചതിനുമാണ് അര്‍ണബിനെ കോടതി ശാസിച്ചത്.
അര്‍ണബിന്റെ പ്രവൃത്തികള്‍ അതിരുവിട്ടപ്പോള്‍ മജ്‌സ്‌ട്രേറ്റ് അര്‍ണബിനോട് കോടതിക്കകത്തു നിന്ന് പുറത്തുപോകാന്‍ നിര്‍ദ്ദേശിച്ചു.
വിധി പ്രസ്താവത്തിനിടെ കോടതിക്കുള്ളില്‍ വെച്ച് കൂള്‍ ഡ്രിങ്ക്‌സ് കുടിക്കാന്‍ ശ്രമിച്ചതോടെയാണ് അര്‍ണബിനോട് വെളിയില്‍ പോകാന്‍ കോടതി ആവശ്യപ്പെട്ടത്. കോടതി നടപടികള്‍ വോയിസ് റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ച അര്‍ണബിന്റെ ഭാര്യയെയും കോടതി തടഞ്ഞു.
കോടതി നടപടി തടസ്സപ്പെടുത്തിയതിന് ബി.ജെ.പി നേതാവ് രാഹുല്‍ നാവേക്കറേയും കോടതി പുറത്താക്കിയിരുന്നു.
ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിയെ ബുധനാഴ്ച 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. 6 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അര്‍ണബിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.
അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ്അര്‍ണബ് ഗോസ്വാമിയെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
അതേസമയം, അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി കേന്ദ്രമന്ത്രിമാരായ പ്രകാശ് ജവദേകര്‍, സ്മൃതി ഇറാനി, അമിത് ഷാ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടിച്ചേര്‍ന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.
അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രകാശ് ജാവദേകര്‍ പറഞ്ഞത്. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു പ്രകാശ് ജാവദേകറിന്റെ പ്രതികരണം.
അര്‍ണബിനെ പിന്തുണയ്ക്കാത്തവര്‍ ഫാസിസത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്.
ആത്മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണബ് നിസഹകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക