| Sunday, 13th November 2022, 12:23 pm

പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; പൊലീസുകാരന്‍ മുഖ്യ പ്രതിയായ കേസ് ഒതുക്കാന്‍ ശ്രമിച്ച മജിസ്‌ട്രേറ്റിനെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദിസ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കേസില്‍ അശ്രദ്ധ കാണിച്ചതിനും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതിനും മജിസ്‌ട്രേറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ ദാരങ് (Darrang) ജില്ലയിലായിരുന്നു സംഭവം.

ലോക്കല്‍ മജിസ്‌ട്രേറ്റ് ആസിര്‍വാദ് ഹസാരികയെ (Ashirvad Hazarika) ആണ് അസം പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെ ഒളിവിലായിരുന്നു.

13കാരി ‘ആത്മഹത്യ ചെയ്ത’ കേസില്‍, പക്ഷെ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതാണെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 11ന് ദാരങ് ജില്ലയിലെ ഒരു സശാസ്ത്ര സീമ ബല്‍ (Sashastra Seema Bal- എസ്.എസ്.ബി) ഉദ്യോഗസ്ഥന്റെ വസതിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവിടെ വീട്ടുജോലിക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു പെണ്‍കുട്ടി.

നേപ്പാള്‍ – ഭൂട്ടാന്‍ അതിര്‍ത്തികളില്‍ ഇന്ത്യവിന്യസിച്ചിട്ടുള്ള ബോര്‍ഡര്‍ ഗാര്‍ഡിങ് ഫോഴ്‌സാണ് സശാസ്ത്ര സീമ ബല്‍.

എസ്.എസ്.ബി ഉദ്യോഗസ്ഥനും ഭാര്യയും പ്രതികളായ കേസില്‍ ഒന്നിലധികം പൊലീസ് ഉദ്യോഗസ്ഥരെയും ഡോക്ടര്‍മാരെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ മജിസ്‌ട്രേറ്റിനെതിരായ നടപടിയും. എസ്.പിയടക്കമുള്ളവരായിരുന്നു നേരത്തെ അറസ്റ്റിലായത്.

ആദ്യം അസ്വാഭാവിക മരണമായാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും പിന്നീട് ഇത് പൊലീസുകാര്‍ ആത്മഹത്യയെന്ന് മാറ്റുകയായിരുന്നു.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിന് പിന്നാലെ കേസില്‍ പൊലീസ് വീണ്ടും അന്വേഷണം പുനരാരംഭിക്കുകയായിരുന്നു.

കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയും കൃത്യവിലോപവും ഉണ്ടായെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു.

”ഇന്ന് മജിസ്ട്രേറ്റിനെ അറസ്റ്റ് ചെയ്തു. കേസില്‍ എസ്.പി, അഡീഷണല്‍ എസ്.പി (ദാരങ്), പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഓഫീസര്‍, മരിച്ച പെണ്‍കുട്ടിയുടെ ആദ്യത്തെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൂന്ന് ഡോക്ടര്‍മാര്‍ എന്നിവരെ നേരത്തെ തന്നെ സി.ഐ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്,” മജിസ്ര്‌ടേറ്റിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചു.

കേസ് ഒതുക്കിത്തീര്‍ക്കാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ദാരങ് എസ്.പി രാജ് മോഹന്‍ റേയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെ തന്നെ സസ്‌പെന്‍ഷനിലായിരുന്നു. എസ്.പിക്ക് പണം നല്‍കിയ ലോക്കല്‍ പൊലീസ് ഓഫീസറെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

പീഡനം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ബലാത്സംഗം എന്നിവയില്‍ പ്രതികള്‍ക്ക് പങ്കുണ്ടെന്ന് പുതിയ അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി തൂങ്ങി മരിച്ചതല്ലെന്നും ബലാത്സംഗം ചെയ്തത് ഭാര്യയോട് പറയുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പ്രതിയായ എസ്.എസ്.ബി ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയുടെ തലയിലും കഴുത്തിലും ഇടിക്കുകയും കയറുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

കേസില്‍ അറസ്റ്റിലായ സര്‍ക്കാരുദ്യോഗസ്ഥര്‍ അന്വേഷണ ഘട്ടങ്ങളില്‍ നിയമങ്ങള്‍ പാലിച്ചില്ലെന്നും പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയെന്നും സി.ഐ.ഡി വിഭാഗം അഡീഷണല്‍ ഡി.ജി.പി എ.വൈ.വി കൃഷ്ണ വ്യക്തമാക്കി.

കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച ശേഷം വീണ്ടും പുറത്തെടുത്ത് രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.

Content Highlight: Magistrate arrested in Assam for Minor girl’s murder cover-up

We use cookies to give you the best possible experience. Learn more