| Tuesday, 10th July 2018, 11:11 am

ആള്‍ക്കൂട്ട മര്‍ദനം: മധുവിന്റെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പൂര്‍ത്തിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അട്ടപ്പാടി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനമേറ്റ് ആദിവാസി യുവാവ് മധു മരിച്ച കേസില്‍ ഒറ്റപ്പാലം സബ് കലക്ടറുടെ മജിസ്റ്റീരിയല്‍ അന്വേഷണം പൂര്‍ത്തിയായി.

അന്വേഷണ റിപ്പോര്‍ട്ട് പത്തു ദിവസത്തിനകം ജില്ലാ കലക്ടര്‍ മുഖേന മനുഷ്യാവകാശ കമ്മീഷന് കൈമാറും. അഗളി പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ പ്രസാദ് വര്‍ക്കിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് നടപടികള്‍ പൂര്‍ത്തിയായത്.

മുക്കാലിയില്‍ വെച്ച് ആള്‍ക്കൂട്ട മര്‍ദനമേറ്റ മധുവിനെ അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത് പ്രസാദ് വര്‍ക്കിയും സഹപ്രവര്‍ത്തകരുമായിരുന്നു.


Read:  ശമ്പളം നല്‍കിയില്ല; ട്രംപിനെതിരെ മുന്‍ ഡ്രൈവര്‍


മധുവിന്റെ സഹോദരീ ഭര്‍ത്താവ് മുരുകന്‍, അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജന്‍ ഡോ. ലീമ ഫ്രാന്‍സിസ് എന്നിവരുടെ മൊഴി നേരത്തെ എടുത്തിരുന്നു.

മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ മജിസ്റ്റീരിയല്‍ അന്വേഷണത്തിനു പുറമേയാണ് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം സബ് കലക്ടറുടെ അന്വേഷണം.

പോസ്റ്റ്‌മോര്‍ട്ടം, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് പത്തു ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കും.

മധുവിന്റെ കൊലപാതകത്തില്‍ അഗളി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 86 ദിവസത്തിനകമാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം അടിച്ചു കൊന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


Read:  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡയാലിസിസ് യൂണിറ്റില്‍ അണുബാധ


അഗളി താവളം മേച്ചേരിയില്‍ഹുസൈന്‍, ഷംസുദ്ദീന്‍, രാധാകൃഷ്ണന്‍, സിദ്ദീഖ്, ഉബൈദ്, മുക്കാലി സ്വദേശികളായ മരയ്ക്കാര്‍, നജീബ്, ജെയ്ജു മോന്‍, അനീഷ്, അബൂബക്കര്‍, അബ്ദുള്‍ കരീം, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീര്‍ എന്നിവരാണ് പ്രതി പട്ടികയില്‍ ഉള്ളത്.

33 സിസിടിവി ദൃശ്യങ്ങളും 8 മൊബൈല്‍ ഫോണുകളും തെളിവായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പതിനാറു പേര്‍ പ്രതികളായ കേസിന്റെ കുറ്റപ്പത്രം മണ്ണാര്‍ക്കാട് എസ്.സി എസ്.ടി പ്രത്യേക കോടതിയിലാണ് പരിഗണിക്കുന്നത്.

We use cookies to give you the best possible experience. Learn more