എന്റെ കണ്ണുക്കെട്ടിക്കഴിഞ്ഞ് അവള്‍ ബോര്‍ഡില്‍ എഴുതി 'യൂ ആര്‍ ഗ്രേറ്റ്', അങ്ങനെ ഞങ്ങള്‍ പ്രണയിച്ചു തുടങ്ങി; പ്രണയ കഥ വെളിപ്പെടുത്തി ഗോപിനാഥ് മുതുകാട്
Movie Day
എന്റെ കണ്ണുക്കെട്ടിക്കഴിഞ്ഞ് അവള്‍ ബോര്‍ഡില്‍ എഴുതി 'യൂ ആര്‍ ഗ്രേറ്റ്', അങ്ങനെ ഞങ്ങള്‍ പ്രണയിച്ചു തുടങ്ങി; പ്രണയ കഥ വെളിപ്പെടുത്തി ഗോപിനാഥ് മുതുകാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th August 2021, 4:28 pm

മലയാളികളെ എന്നും അതിശയിപ്പിക്കുന്ന മജീഷ്യനാണ് ഗോപിനാഥ് മുതുകാട്. മോട്ടിവേഷനല്‍ സ്പീക്കറായും പ്രശസ്തനായ വ്യക്തിയാണ് അദ്ദേഹം.

ഒരു കഥ പോലെയാണ് തന്റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാമെന്ന് അദ്ദേഹം പറയാറുണ്ട്. ജീവിതം ഒരു മായാജാലമാണ് മുതുകാടിന്.

സമൂഹത്തിലെ ഏതു കാര്യത്തേയും തന്റേതായ രീതിയില്‍ മനസിലാക്കാനും നിലപാടുകള്‍ വ്യക്തമാക്കാനും അദ്ദേഹം മറക്കാറില്ല. എന്നാല്‍ താന്‍ അധികം പങ്കു വെച്ചിട്ടില്ലാത്ത ഒരു കാര്യത്തേക്കുറിച്ചാണ് മുതുകാട് ഇപ്പോള്‍ സംസാരിക്കുന്നത്.

തന്റെ പ്രണയ കഥയാണ് അദ്ദേഹമിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മേലാറ്റൂരുകാരി കവിത മുതുകാടിന്റെ പ്രാണസഖിയായി മാറിയ കഥ പറയുന്നത്.

ഒരു മാജിക്കുകാരനാവണമെന്ന അടങ്ങാത്ത ആഗ്രഹവുമായി അല്ലറ ചില്ലറ വിദ്യകളൊക്കെ കാണിച്ചു നടക്കുന്ന സമയത്താണ് താന്‍ കവിതയെ ആദ്യമായി കാണുന്നതെന്നാണ് അദ്ദേഹം ഓര്‍ക്കുന്നത്.

പെണ്ണു കാണാന്‍ ചെല്ലുന്നിടത്തൊക്കെ മാജിക്കാണ് തൊഴില്‍ എന്നു പറഞ്ഞാല്‍ കളിയാക്കുന്ന കാലത്താണ് താനും കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നതെന്ന് മുതുകാട് പറയുന്നു.

‘ നിലമ്പൂരിനടുത്ത് മേലാറ്റൂരിലായിരുന്നു അന്നത്തെ മാജിക്. പരിപാടിക്കു മുന്‍പ് ആ നാട്ടില്‍ത്തന്നെ ഒരു പെണ്ണുകാണലുമുണ്ട്. പെണ്ണിനെ ഒന്ന് ശരിക്കും കാണാതെ പെണ്ണുകാണല്‍ കഴിഞ്ഞു. അവിടെ നിന്നിറങ്ങിക്കഴിഞ്ഞ് മാജിക് അവതരിപ്പിക്കുന്നതിലായിരുന്നു മനസ് മുഴുവന്‍.

വേദിയില്‍ കാണികളിലൊരാളെത്തി ബോര്‍ഡിലെഴുതിയത് കണ്ണുകെട്ടി ഞാന്‍ വായിക്കുന്ന ഇനം. കാണികളിലൊരാളെ വിളിച്ചപ്പോള്‍ ഓടി വന്നത് രാവിലെ കണ്ട പെണ്‍കുട്ടി.

എന്റെ കണ്ണു കെട്ടിക്കഴിഞ്ഞ് അവള്‍ ബോര്‍ഡിലെഴുതി. ഞാന്‍ വായിച്ചു. യു ആര്‍ ഗ്രേറ്റ്. പിന്നെ മറുപടിയെഴുതി, വെല്‍ക്കം ടു മൈ വേള്‍ഡ് ഓഫ് മാജിക്. അങ്ങനെ പ്രണയം നിറഞ്ഞ ആ യാത്ര തുടങ്ങി,’ മനോഹരമായ ആ ദിവസത്തെ ഓര്‍മ മുതുകാട് പങ്കുവെച്ചു.

അന്നു മുതല്‍ മേലാറ്റൂരും കവളമുക്കട്ടയും തനിക്ക് പ്രിയപ്പെട്ട സ്ഥലങ്ങളായി മാറിയെന്ന് അദ്ദേഹം പറയുന്നു. മാജിക് അക്കാദമിയും മാജിക് പ്ലാനറ്റും സ്ഥാപിച്ച ശേഷം മുതുകാട് തിരുവനന്തപുരത്താണെങ്കിലും അദ്ദേഹത്തിന്റെ മനസ് എപ്പോഴും കവളമുക്കട്ടയിലാണ്.

സമൂഹത്തോട് സംവദിക്കാനുള്ള ഒരു മാധ്യമമായാണ് മുതുകാട് മാജിക്കിനെ കാണുന്നത്. ലോകത്തിലെ ആദ്യത്തെ മാജിക് അക്കാദമി തിരുവനന്തപുരത്ത് സ്ഥാപിച്ചതും ഈ ലക്ഷ്യം നിറവേറ്റാനാണ് എന്ന് അദ്ദേഹം പറഞ്ഞു. ലോകത്താദ്യമായി മാജിക്കില്‍ എസ്‌കേപ്പ് ആക്റ്റ് പരീക്ഷിച്ച വ്യക്തി കൂടിയാണ് ഗോപിനാഥ് മുതുകാട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Magician Gopinath Muthukad Reveals His Love Story