തിരുവനന്തപുരം: ഈശോ സിനിമയ്‌ക്കെതിരെ തന്റെ പേരില്‍ നടക്കുന്നത് വ്യാജപ്രചരണമെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. തന്റെ ചിത്രത്തോടൊപ്പം ആരോ പടച്ചുവിട്ട ഈ വാചകങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കാണുന്നുവെന്നും ഇതുമായി തനിക്ക് ഒരു ബന്ധവുമില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നു എന്നും അദ്ദേഹം പറയുന്നു.
ആരുടെയെങ്കിലും സ്ഥാപിത താത്പര്യങ്ങള്‍ക്കായി മറ്റൊരാളുടെ സമ്മതമില്ലാതെ വലിച്ചിഴക്കരുതെന്നും മുതുകാട് പറഞ്ഞു. തന്റെ ഫോട്ടോ ഉപയോഗിച്ച് നടത്തുന്ന തെറ്റായ ആശയപ്രചാരങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രമായ ഈശോയുമായി ബന്ധപ്പെടുത്തിയാണ് ഗോപിനാഥ് മുതുകാടിന്റെ ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിന് ഈശോ എന്ന പേര് നല്‍കിയതിനെ വിമര്‍ശിക്കുന്ന തരത്തിലാണ് ഫോട്ടോയോടൊപ്പമുള്ള സന്ദേശം നല്‍കിയിരിക്കുന്നത്.
മനുഷ്യന് ദൈവമായി തീരാനുള്ള വാതിലാണ് ബൈബിള്‍. എങ്കില്‍, ആ വാതില്‍ നമുക്കായി തുറക്കുന്നവന്‍ യേശുവെങ്കില്‍, ഭൂമിയിലെ എത്ര മഹനീയമായ കലാസൃഷ്ടിക്കുപോലും ഈശോ എന്ന പേരിടുന്നത് അവഹേളനമാണ്. ആരുടെ സൃഷ്ടിക്കാണ് സ്വര്‍ഗത്തില്‍ നിന്ന് രക്ഷക്കായി നല്‍കപ്പെട്ട അവന്റെ വ്യക്തിത്വത്തിന്റെ നാമം വഹിക്കാന്‍ യോഗ്യമായിട്ടുള്ളത് എന്ന സന്ദേശമാണ് ചിത്രത്തോടൊപ്പം പ്രചരിക്കുന്നത്.
കേരളത്തില്‍ മാജിക് എന്ന കലയെ ജനകീയമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച ആളാണ് ഗോപിനാഥ് മുതുകാട്. കുട്ടികള്‍ക്കിടയില്‍ മാജിക് അങ്കിള്‍ എന്ന് വിളിപ്പേരുള്ള ഇദ്ദേഹം മോട്ടിവേഷന്‍ ക്ലാസ്സുകളിലൂടെയും മലയാളിക്ക് സുപരിചിതമാണ്.
ജയസൂര്യയെ നായകനാകുന്ന ‘ഈശോ’ എന്ന ടൈറ്റിലും ദീലിപിനെ നായകനാക്കി ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമാപ്പേരും ക്രിസ്തീയ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു ഒരുവിഭാഗം മതയാഥാസ്ഥിതികരുടെ വാദം.
ഈശോയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് സംവിധായകന്‍ നാദിര്‍ഷായ്ക്കെതിരെയും ടൈറ്റിലിനെതിരെയും വിദ്വേഷ പ്രചരണം ആരംഭിച്ചത്. എന്നാല്‍ നാദിര്‍ഷായെ പിന്തുണച്ച് സിനിമാരംഗത്തുള്ള നിരവധി പേര്‍ എത്തിയിരുന്നു. ഈശോ സിനിമക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഫെഫ്കയും മാക്ടയും അറിയിച്ചിരുന്നു.
സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്നായിരുന്നു മാക്ട ചൂണ്ടിക്കാട്ടിയത്. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് മാക്ട പോലുള്ള സാംസ്‌കാരിക സംഘടനയുടെ ഉത്തരവാദിത്വമാണെന്നും മലയാള ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേര്‍ത്തുപിടിക്കലല്ലെന്നും സിനിമ പൊതുവേ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണെന്നും മാക്ട പറഞ്ഞിരുന്നു.