| Monday, 9th November 2015, 11:46 am

മാഗി നൂഡില്‍സ് വിപണിയില്‍ തിരിച്ചെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിപണിയില്‍ നിന്നും നിരോധിച്ച മാഗി നൂഡില്‍സ് ഇന്ന് മുതല്‍ വീണ്ടും വിപണിയില്‍ ഇടംപിടിക്കും.

രാജ്യത്തെ അംഗീകൃത ലാബുകളില്‍ നിന്ന് അനുകൂല പരിശോധന ഫലങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് മാഗി വീണ്ടും വില്‍പ്പനയ്ക്കായി എത്തുന്നത്.

കഴിഞ്ഞ ജൂണില്‍ മാഗിയില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ ഉണ്ടെന്ന കണ്ടെത്തലാണ് ഇത് നിരോധിക്കാന്‍ കാരണം.

മാഗിയുടെ സാമ്പിളുകളില്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്(എം.എസ്.ജി) ലെഡ് എന്നിവ അമിതമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്നായിരുന്നു കണ്ടെത്തല്‍. സാധാരണയില്‍ 17 മടങ്ങ് അധികം എം.എസ്.ജിയുടെ അളവ് മാഗിയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന രാജ്യവ്യാപകമായി മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തി.

പിന്നീട് ചില സംസ്ഥാനങ്ങളില്‍ വിലക്ക് പിന്‍വലിച്ചെങ്കിലും ഭൂരിഭാഗം സംസ്ഥാനങ്ങളും അതിന് തയ്യാറായിരുന്നില്ല.

കഴിഞ്ഞ മാസം മുതലേ മാഗിയുടെ ഉത്പാദനം കമ്പനി പുനരാരംഭിച്ചിരുന്നു. സര്‍ക്കാര്‍ അനുമതിയോടെ തന്നെ ആയിരുന്നു ഇത്. ഇതില്‍ നിന്നുള്ള സാമ്പിളുകള്‍ക്ക് കൂടി ലാബുകളുടെ അംഗീകാരം കിട്ടിയതിന് ശേഷമാണ് ഇപ്പോള്‍ വിപണിയില്‍ തിരിച്ചെത്തിയിരിയ്ക്കുന്നത്.

നെസ്‌ലെ മാഗി ന്യൂഡില്‍സിന്റെ ഓണ്‍ലൈന്‍ വിപണനം സ്‌നാപ്ഡീലിന്റെ പിന്‍തുണയോടെയാണ്.

ഹൈക്കോടതി നിര്‍ദേശ പ്രകാരം മാഗിയുടെ പുതിയ സാമ്പിളുകളുടെ പരിശോധനയില്‍ ഇവ സുരക്ഷിതമാണെന്ന് തെളിഞ്ഞെന്നും. വിവിധ ലാബുകളിലായി പുതിയ സാമ്പിളുകള്‍ മൂന്ന് വട്ടം പരിശോധിച്ചെന്നും നെസ്റ്റ്‌ലെ അറിയിച്ചിരുന്നു. ഇപ്പോള്‍ കര്‍ണാടക, പഞ്ചാബ്, ഗോവ എന്നിവിടുള്ള പ്ലാന്റുകളില്‍ മാഗിയുടെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്.

വിപണിയില്‍ നിന്ന് പിന്‍വലിച്ച മുപ്പതിനായിരം ടണ്‍ മാഗിയാണ് നെസ്‌ലേ നശിപ്പിച്ചു കളഞ്ഞത് .

കമ്പനി 450 കോടി രൂപ നഷ്ടം നേരിട്ടതായാണ് കണക്കുകള്‍. കമ്പനിയില്‍ നിന്ന് 640 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃകാര്യ മന്ത്രാലയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനില്‍ പരാതി നല്‍കുകയും ചെയ്തു.

മാഗിയുടെ നിരോധനത്തിന് പിന്നാലെ വിദേശ ഭക്ഷ്യ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റി തീരുമാനിച്ചിരുന്നു.

കോടതിനിര്‍ദേശം പാലിക്കപ്പെട്ടതിനാല്‍ വില്‍പന പുനരാരംഭിക്കാനാണു തീരുമാനം. ഏതെങ്കിലും സംസ്ഥാനങ്ങളില്‍ ഇതിനായി പ്രത്യേക സര്‍ക്കാര്‍ തീരുമാനം വേണമെങ്കില്‍ അതിന് ഉടന്‍ അപേക്ഷ നല്‍കുമെന്നും കമ്പനി അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more