ലക്ക്‌നൗ: മാഗി നൂഡില്‍സിന്റെ സാമ്പിളുകള്‍ പരിശോധനയില്‍ പരാജയപ്പെട്ടു. ലക്ക്‌നൗ ലാബില്‍ നടത്തിയ പരിശോധനയില്‍ മാഗിയില്‍ വീണ്ടും അനുവദനീയമായ അളവില്‍ കൂടുതല്‍ ലെഡ് കണ്ടെത്തി. അഞ്ചിലേറെ സാമ്പിളുകളില്‍ നടത്തിയ പരിശോധനയിലാണ് ലെഡ് അനുവദനീയമായ അളവില്‍ കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്.
ഫുഡ് സേഫ്റ്റി ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. “ഡിയോറിയയില്‍ നിന്നുള്ള മാഗി സാമ്പിള്‍ ലാബ് പരിശോധനയില്‍ പരാജയപ്പെട്ടു.” എഫ്.ഡി.എ അഡീഷണല്‍ കമ്മീഷ്ണര്‍ ബഹദൂര്‍ യാദവ് അറിയിച്ചു. 100 ല്‍ അധികം സാമ്പിളുകളില്‍ പരിശോധന നടത്തികൊണ്ടിരിക്കുകയാണെന്നും മറ്റ് സ്ഥാലങ്ങളില്‍ നിന്നുള്ള സാമ്പിളുകളും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യത്തിന് ഹാനികരമായ ലെഡും മോണോ സോഡിയം ഗ്ലൂട്ടമേറ്റും അനുവദനീയമായതിലും കൂടുതല്‍ അളവില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രാജ്യവ്യാപകമായി മാഗി നൂഡില്‍സിന്റെ വില്പന നിരോധിച്ചിരുന്നത്.
മൈസൂരുവിലെ സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം മാഗി സുരക്ഷിതമാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. ഗോവയിലെ ഭക്ഷ്യസുരക്ഷാവകുപ്പ് അയച്ച സാമ്പിളുകളായിരുന്നു ഇവിടെ പരിശോധിച്ചത്.