| Tuesday, 27th October 2015, 8:50 am

സുരക്ഷിതമെന്ന് പരിശോധനാഫലം; മാഗി വീണ്ടും തീന്‍മേശയിലേയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: പുതുതായി നടത്തിയ പരിശോധനയില്‍ മായം ഇല്ല എന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് നെസ്ലെ കമ്പനിയുടെ മാഗി ന്യൂഡില്‍സ് വീണ്ടും വിപണിയിലേയ്ക്ക്. മൂന്നു ലബോറട്ടറികളിലായി മാഗിയുടെ ആറു വ്യത്യസ്ത രുചിയുള്ള 90 സാമ്പിളുകള്‍ പരിശോധിച്ചുവെന്നും, അനുവദനീയമായി അളവിലും കുറഞ്ഞാണ് ലെഡിന്റെ അളവ് കണ്ടെത്തിയിരിക്കുന്നതെന്നുമാണ് നെസ്ലെ ഇന്ത്യ അറിയിക്കുന്നത്. ഇതിനാല്‍ ഉല്‍പ്പന്നം സുരക്ഷിതമാണെന്നും നവംബറോടെ വിപണിയിലെത്തിക്കാനാണ് തീരുമാനമെന്നും കമ്പനി പറയുന്നു.

കോടതി നിര്‍ദ്ദേശിച്ച പ്രകാരമുള്ള പരിശോധനയ്ക്കു പുറമെ രാജ്യത്തിനു പുറത്തും അകത്തുമായി 3500ലേറെ തവണ മാഗി പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ടെന്നാണ് നെസ്ലെ അവകാശപ്പെടുന്നത്. മായം ഇല്ലെന്നു കണ്ട് നേരത്തെ തന്നെ കര്‍ണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിരോധനം നീക്കിയിരുന്നു.

അനുവദനീയമായ അളവിലുമധികം ലെഡ്(ഈയം)കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇക്കഴിഞ്ഞ മെയില്‍ ഇന്ത്യയില്‍ മാഗി നിരോധിച്ചത്. മാഗിയുടെ പരസ്യത്തിലഭിനയിച്ച മാധുരി ദീക്ഷിതും അമിതാഭ് ബച്ചനും അടക്കമുള്ള സിനിമാതാരങ്ങള്‍ക്ക്‌ ഇതെത്തുടര്‍ന്ന് വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു.

We use cookies to give you the best possible experience. Learn more