| Friday, 3rd September 2021, 4:08 pm

മമ്മൂക്കയ്ക്കും ലാലേട്ടനുമൊപ്പം ഫൈറ്റ് ചെയ്യുന്നത് എളുപ്പമാണ്; പീറ്റര്‍ ഹെയ്ന്‍ ഒരു ഭീഷണിയല്ല; മാഫിയ ശശി പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1980 കളില്‍ അഭിനേതാവായെത്തി പിന്നീട് മലയാള സിനിമയുടെ ആക്ഷന്‍ രംഗത്ത് സജീവമായ വ്യക്തിയാണ് മാഫിയ ശശി. ആയിരത്തിലേറെ സിനിമകളില്‍ ആക്ഷന്‍ രംഗങ്ങളുടെ ഭാഗമായ ശശി അഭിനയ രംഗത്തും സജീവമായിരുന്നു. നടനായും സ്റ്റണ്ട് മാസ്റ്ററായും സ്റ്റണ്ട് ഡയക്ടറായും തിളങ്ങിയ അദ്ദേഹം മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു സാന്നിധ്യമാണ്.

മറ്റ് ഭാഷകളെ അപേക്ഷിച്ച് റിയലസ്റ്റിക്ക് ആയ രീതിയിലാണ് മലയാള സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാറെന്നും മുന്‍ കാലത്തെ അപേക്ഷിച്ച് ഫൈറ്റിങ്ങില്‍ വലിയ മാറ്റം വന്നെന്നും പറയുകയാണ് മാഫിയ ശശി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തെ കുറിച്ച് അദ്ദേഹം മനസുതുറന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം വര്‍ക്ക് താരതമ്യേന എളുപ്പമാണെന്നും പുതുതായി എത്തുന്ന നടന്മാര്‍ക്കൊപ്പം ചെയ്യുമ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും മാഫിയ ശശി പറയുന്നു.

ഒരു ഹീറോ ആദ്യം വരുമ്പോള്‍ അവര്‍ക്ക് നമ്മുടെ ടൈമിങ് കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഒന്ന് രണ്ട് സിനിമ കഴിയുമ്പോള്‍ അവര്‍ പഠിക്കും. പിന്നെ ബുദ്ധിമുട്ടൊന്നും ഇല്ല.

മലയാള സിനിമയെ സംബന്ധിച്ച് പരമാവധി മൂന്ന് മിനുട്ടിനുള്ളിലേ ഫൈറ്റ് വരുള്ളൂ. തമിഴിലും തെലുങ്കിലുമൊക്കെയാണെങ്കില്‍ ക്ലൈമാക്‌സിലെ അര മണിക്കൂറിലേറെ നേരം ഫൈറ്റായിരിക്കും. ചേസിങ്ങും മറ്റും ചേര്‍ന്നതാവും ഇത്.

ഏത് സിനിമയാണെങ്കിലും ഡയരക്ടര്‍ ആദ്യം നമ്മളോട് സബ്ജക്റ്റ് പറയും. നമ്മുടെ സ്വന്തം ഇഷ്ടത്തിന് ചെയ്യാന്‍ കഴിയില്ല. എന്താണോ വേണ്ടത് അത് അവര്‍ പറയും. അതിന് അനുസരിച്ചാണ് ചെയ്തുകൊടുക്കുന്നത്.

മമ്മൂക്കയാണെങ്കില്‍ അദ്ദേഹത്തിന് ഒരു സ്‌റ്റൈലുണ്ട്. അത് എനിക്കറിയാം. അതിനനുസരിച്ചാണ് സ്റ്റണ്ട് രംഗങ്ങള്‍ പ്ലാന്‍ ചെയ്യുക. ലാലേട്ടന്റെ സ്റ്റൈല്‍ വേറെ ആണ്. പൃഥ്വിരാജിന്റെ പവര്‍ വേറെയാണ്. അത് നമ്മള്‍ പഠിക്കണം, മാഫിയ ശശി പറയുന്നു.

സ്റ്റണ്ട് സ്വീകന്‍സുകള്‍ ചെയ്യുന്നതിനിടെ വലിയ അപകടങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ലെന്നും ഒരിക്കല്‍ ത്യാഗരാജന്‍മാസ്റ്ററുടെ സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ റോപ്പ് പൊട്ടി താഴെ വീണിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് കാര്യങ്ങള്‍ കുറച്ചുകൂടി സേഫ് ആണെന്നും മാഫിയ ശശി പറയുന്നു.

മലയാള സിനിയുടെ സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്യാന്‍ പീറ്റര്‍ ഹെയ്‌നെ പോലുള്ളവര്‍ എത്തുന്നത് ഭീഷണിയല്ലേ എന്ന ചോദ്യത്തിന് ഒരിക്കലും അല്ല എന്നായിരുന്നു മാഫിയ ശശിയുടെ മറുപടി. ”നമുക്ക് കിട്ടേണ്ടത് നമുക്ക് കിട്ടും. ഒരാള്‍ വന്നതിന്റെ പേരില്‍ അവസരങ്ങള്‍ ഇല്ലാതാകില്ല. നമ്മള്‍ ചെയ്തുവെച്ച കാര്യങ്ങളുണ്ടല്ലോ,” മാഫിയ ശശി പറഞ്ഞു.

പേരിനൊപ്പം മാഫിയ എന്ന് വന്നത് എങ്ങനെയെന്ന ചോദ്യത്തിന് മാഫിയ എന്ന സിനിമ ചെയ്ത ശേഷമാണ് പേരിനൊപ്പം അത് ചേര്‍ത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 15 ഓളം ഫൈറ്റുകള്‍ ആ ചിത്രത്തില്‍ ഉണ്ടായിരുന്നു. ലക്കി പേരാണെന്ന് തോന്നിയതുകൊണ്ട് ഒപ്പം ചേര്‍ക്കുകയായിരുന്നെന്നും മാഫിയ ശശി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mafia Sasi About malayalam Cinema Fight

We use cookies to give you the best possible experience. Learn more