|

ആ ഹോളിവുഡ് ചിത്രത്തിലെ ആക്ഷൻ കണ്ടപ്പോൾ മമ്മൂക്ക, അവർ നമ്മളെ കോപ്പിയടിച്ചതാണെന്ന് പറഞ്ഞു: മാഫിയ ശശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാളികള്‍ സിനിമയിലെ ഫൈറ്റ് എന്നതിനോട് ചേര്‍ത്ത് വെക്കുന്ന പേരാണ് മാഫിയ ശശിയുടേത്. മുന്‍നിര താരങ്ങള്‍ക്കുള്‍പ്പെടെ മലയാള സിനിമയില്‍ ഒട്ടുമിക്ക എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും വേണ്ടി മാഫിയ ശശി സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ സംഘട്ടന രംഗങ്ങള്‍ക്ക് മികച്ച സ്റ്റണ്ടിനുള്ള അവാര്‍ഡും മാഫിയ ശശിക്ക് ലഭിച്ചിരുന്നു. സംഘട്ടന രംഗങ്ങളില്‍ ഓരോ നടന്മാരും എങ്ങനെയാണെന്ന് പറയുകയാണ് മാഫിയ ശശി. മമ്മൂട്ടി ആക്ഷൻ സീനുകളെ കുറിച്ച് വിശദമായി ചോദിക്കുമെന്നും റോപ്പ് ഫൈറ്റുകളാണ് മമ്മൂട്ടിക്ക് ഇഷ്ടമെന്നും മാഫിയ ശശി പറയുന്നു. നാടൻ തല്ല് മുതൽ കുങ്‌ഫു വരെ ചെയ്യുന്ന നടനാണ് മോഹൻലാലെന്നും ഏത് റിസ്ക്ക് എടുക്കാനും അദ്ദേഹം തയ്യറാണെന്നും മാഫിയ ശശി കൂട്ടിച്ചേർത്തു.

‘മമ്മുക്കയോടൊപ്പം ജോലി ചെയ്യുമ്പോൾ സീനുകളെക്കുറിച്ചും ആക്ഷനെ പറ്റിയും ചോദിക്കും. ഷോട്ടുകൾ വിശദീകരിക്കുമ്പോൾ അഭിപ്രായങ്ങളും പറയും. റോപ് ഫൈറ്റ് ഇക്കയ്ക്ക് വലിയ ഇഷ്ടമാണ്. പരമാവധി ഷോട്ടുകൾ എടുപ്പിക്കും. ‘രൗദ്രം’ എന്ന സിനിമയിൽ സായികുമാറിൻ്റെ ശരീരത്തിലേക്ക് കെട്ടിത്തുക്കിയിട്ടിരുന്ന കാർ വെടിവച്ചിടുന്ന ഒരു സീൻ ഉണ്ട്. പിന്നീട് ഒരു ഇംഗ്ലിഷ് സിനിമയിൽ അതു കണ്ട് മമ്മുക്ക പറഞ്ഞു, ‘നോക്കടാ, അവർ നമ്മുടെയാ കോപ്പി അടിച്ചിരിക്കുന്നത്’.

നാടൻ തല്ല് മുതൽ കുങ്‌ഫു വരെ ലാലേട്ടൻ ചെയ്യും. ഒപ്പമുള്ളവരെക്കൊണ്ട് നന്നായി ചെയ്യിക്കാനും ശ്രമിക്കും. എന്തു റിസ്‌ക് എടുക്കാനും ഒരു മടിയുമില്ല.

ത്യാഗരാജൻ മാസ്‌റ്റർ സംഘട്ടന സംവിധാനം ചെയ്‌ത ഉസ്‌താദിൽ ലാലേട്ടനോടൊപ്പം ഓപ്പണിങ് സ്‌റ്റണ്ട് ചെയ്യുന്നത് ഞാനാണ്.

സുരേഷ് ഗോപിയേട്ടൻ ഫ്രെയിമിൽ നിന്നാൽ തന്നെ ആ ഫൈറ്റിന് പവർ ആണ്. സ്‌റ്റണ്ട് തുടങ്ങിയാൽ പിന്നെ, ആകെയൊരു മൂഡാണ്. സമയം പോകുന്നതൊന്നും ചേട്ടന് പ്രശ്‌നമല്ല. ബാക്കി നാളെ എടുക്കാം എന്നു പറഞ്ഞാലും സമ്മതിക്കില്ല,’മാഫിയ ശശി പറയുന്നു.

Content Highlight: Mafia Sasi About Action’s Of Mammooty and Mohanlal In Film

Latest Stories