| Tuesday, 26th December 2023, 9:17 am

യു.എസിന്റെ നാവിക സേന സജ്ജം; ചെങ്കടലിൽ ഗതാഗതം പുനരാരംഭിക്കാനൊരുങ്ങി മേഴ്‌സ്ക് ഷിപ്പിങ് കമ്പനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: ഹൂത്തി ആക്രമണങ്ങൾ കാരണം ചെങ്കടൽ വഴിയുള്ള ചരക്ക് ഗതാഗതം നിർത്തിവെച്ച മേഴ്‌സ്ക് ഷിപ്പിങ് കമ്പനി ഗതാഗതം പുനരാരംഭിക്കാൻ ഒരുങ്ങുന്നു.

കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ യു.എസിന്റെ നേതൃത്വത്തിൽ ബഹുരാഷ്ട്ര സേനയെ ചെങ്കടലിൽ നിയോഗിച്ചതിനെ തുടർന്നാണ് ഗതാഗതം പുനരാരംഭിക്കാൻ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിങ് കമ്പനിയായ മേഴ്‌സ്ക് തീരുമാനിച്ചത്.

‘നേരത്തെ പ്രഖ്യാപിച്ച ബഹുരാഷ്ട്ര സുരക്ഷാ സേനയായ ഓപ്പറേഷൻ പ്രോസ്‌പരിറ്റി ഗാർഡിയൻ (ഒ.പി.ജി) സജ്ജമാകുകയും ചെങ്കടൽ വഴിയുള്ള കടൽ വ്യാപാരം അനുവദിക്കുകയും ചെയ്തതായി ഞങ്ങൾക്ക് വിവരം ലഭിച്ചു.

അതിനാൽ ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഇടനാഴിയായ സൂയസ് കനാൽ വഴി വീണ്ടും ഞങ്ങൾ യാത്ര തിരിക്കാൻ ഒരുങ്ങുകയാണ്,’ മേഴ്‌സ്ക് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഗസയിലെ ഇസ്രഈലി അക്രമണങ്ങൾക്കുള്ള പ്രതികരണം എന്നറിയിച്ച് ഹൂത്തികൾ ഇസ്രഈലിലേക്ക് പോകുന്ന കപ്പലുകൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ഗസയിലെ ഇസ്രഈലി ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് വരെ ഇസ്രഈലിലേക്ക് പോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇത് സംബന്ധിച്ച് കപ്പലുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഹൂത്തികൾ അറിയിച്ചിരുന്നു.

തുടർന്ന് ഷിപ്പിങ് കമ്പനികൾ ചെങ്കടൽ വഴിയുള്ള ഗതാതം നിർത്തുകയും ദിശ മാറ്റി സഞ്ചരിക്കുകയും ചെയ്യുന്നു. എണ്ണ വിപണിയിൽ ഉൾപ്പെടെ കടുത്ത പ്രതിസന്ധികൾ ഉടലെടുക്കുന്നതിന് ഇത് കാരണമായിരുന്നു.

ഇതിന് പിന്നാലെ യു.എസ്, ബഹ്‌റൈൻ, യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഹൂത്തികളുടെ ആക്രമണം നേരിടാൻ ബഹുരാഷ്ട്ര സേനയെ രൂപീകരിച്ചു. ഹൂത്തികളുടെ ആക്രമണം ആഗോള വ്യാപാരത്തെ പിടിച്ചുകുലുക്കിയെന്നും ഗതാഗത ചെലവുകൾ വർധിച്ചെന്നും യു.എസ് പറഞ്ഞു.

നാവിക സേനയിൽ നിന്ന് സ്പെയിൻ ഉൾപ്പെടെ മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ പിന്മാറിയിരുന്നു.

Content Highlight: Maersk will resume Red Sea shipping after US-led coalition deploys

We use cookies to give you the best possible experience. Learn more