| Thursday, 4th March 2021, 7:07 pm

നെഹ്‌റുവിന് സിഗരറ്റ് വാങ്ങാന്‍ ഭോപ്പാലില്‍ നിന്ന് ഇന്‍ഡോറിലേക്ക് വിമാനം അയക്കേണ്ടി വന്നുവെന്ന് ബി.ജെ.പി മന്ത്രി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മധ്യപ്രദേശ് രാജ്ഭവന്‍ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ അദ്ദേഹത്തിന് സിഗരറ്റ് വാങ്ങാനായി ഭോപ്പാലില്‍ നിന്ന് ഇന്‍ഡോറിലേക്ക് പ്രത്യേക വിമാനം അയക്കേണ്ടി വന്നുവെന്ന ആരോപണവുമായി മധ്യപ്രദേശ് മന്ത്രി. മധ്യപ്രദേശിലെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ വിശ്വാസ് സാരംഗാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്.

ഭോപ്പാല്‍ രാജ്ഭവനില്‍ സൂക്ഷിച്ചിരിക്കുന്ന ചില രേഖകളില്‍ നിന്നുമാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നാണ് മന്ത്രിയുടെ വാദം.

‘ഭോപ്പാല്‍ രാജ്ഭവനില്‍ നെഹ്‌റു സന്ദര്‍ശിച്ചപ്പോഴാണ് ഈ സംഭവം നടന്നത്. ഭക്ഷണത്തിന് ശേഷം പുകവലിക്കുന്ന സ്വഭാവമുണ്ടായിരുന്ന ആളായിരുന്നു നെഹ്‌റു. ഇത് മനസ്സിലാക്കിയ രാജ്ഭവനിലെ ജീവനക്കാരന്‍ കാര്യം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഇഷ്ട സിഗരറ്റ് വാങ്ങാനായി ഭോപ്പാലില്‍ നിന്ന് ഇന്‍ഡോറിലേക്ക് വിമാനമയക്കേണ്ടി വന്നു’, എന്നായിരുന്നു വിശ്വാസ് സാരംഗ് പറഞ്ഞത്.

ഹരി വിനായക് പടാസ്‌കര്‍ ഗവര്‍ണറായിരുന്ന സമയത്താണ് ഇത് നടന്നതെന്നും സാരംഗ് പറയുന്നു. ഇതുസംബന്ധിച്ച രേഖകള്‍ രാജ്ഭവന്‍ ആര്‍ക്കൈവ്‌സില്‍ തന്നെയുണ്ടെന്നാണ് സാരംഗിന്റെ അവകാശവാദം.

ഗാന്ധിയുടെ പേര് തങ്ങളുടെ കുടുംബത്തോട് കൂട്ടിച്ചേര്‍ത്ത നെഹ്‌റുവിന്റെ കുടുംബം ആഡംബരജീവിതമാണ് നയിച്ചിരുന്നതെന്നും ഗാന്ധിയന്‍ തത്വങ്ങള്‍ പിന്തുടരുന്നില്ലെന്നുമായിരുന്നു സാരംഗിന്റെ പ്രധാന വിമര്‍ശനം.

അതേസമയം വിശ്വാസ് സാരംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയെപ്പറ്റിയാണ് ഇത്തരം പരാമര്‍ശമെന്നും ജനാധിപത്യം നിലനില്‍ക്കുന്നവരെ ഓര്‍ക്കപ്പെടേണ്ട പേരാണ് നെഹ്‌റുവിന്റെതെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ മറുപടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Bjp Minister Slams Former PM Jawaharlal Nehru

We use cookies to give you the best possible experience. Learn more