അമേരിക്ക രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു: നിക്കോളസ് മദൂരോ
Venezuela crisis
അമേരിക്ക രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു: നിക്കോളസ് മദൂരോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th February 2019, 7:38 am

കാരക്കസ്: വെനസ്വേലയെ അസ്ഥിരപ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുന്നതായി വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മദൂരോ. അല്‍ ജസീറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രസ്താവന. വെനസ്വേല ഇപ്പോഴുള്ളത് അമേരിക്കയും സഖ്യകക്ഷികളും ഉയര്‍ത്തുന്ന ഭീഷണിക്ക് നടുവിലാണെന്നും മദൂരോ വ്യക്തമാക്കി.

വിദേശത്ത് നിന്ന് വരുന്ന ഏതൊരു സഹായത്തിനും കര്‍ശന നിയന്ത്രണവും പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മദൂരോ പറഞ്ഞു. സഹായങ്ങളെ വെനസ്വേല സ്വീകരിക്കുമെന്നും പക്ഷെ കര്‍ശനമായ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും മദൂരോ അല്‍ ജസീറയോട് പറഞ്ഞു.

ALSO READ: പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യം സ്തംബ്ദം; പക്ഷെ ബി.ജെ.പി നേതാക്കള്‍ ആഘോഷത്തില്‍

പ്രതിപക്ഷ നേതാവായ യുവാന്‍ ഗ്വീഡോ ഇടക്കാല പ്രസിഡന്റായി സ്വയം അവരോതിച്ചതിന് പിന്നാലെ വിദേശ സഹായം സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വിദേശ സഹായം വേണ്ടെന്ന നിലപാടിലായിരുന്നു മദൂരോ. പക്ഷെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ തകര്‍ച്ചയിലേക്ക് എത്തിയതാണ് നിലപാടില്‍ അയവ് വരുത്താന്‍ മദൂരോയെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ 50 ഐക്യരാഷ്ട്രസമിതി അംഗരാജ്യങ്ങള്‍ മദൂരോയെ പിന്തുണയ്ക്കുമ്പോള്‍ 65 രാജ്യങ്ങളുടെ പിന്തുണയാണ് ഗ്വീഡോയ്ക്കുള്ളത്. അമേരിക്കയും ജര്‍മനി, യു.കെ, സ്‌പെയിന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്വീഡോയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മെക്‌സിക്കോ, ഉറഗ്വായ്, റഷ്യ എന്നിവരാണ് മദൂരോയെ പിന്തുണയ്ക്കുന്നവരിലെ പ്രമുഖര്‍.