| Thursday, 7th February 2019, 7:51 am

സഹായങ്ങള്‍ തടയാന്‍ പാലം അടച്ചു; അധികാരം നിലനിര്‍ത്താനൊരുങ്ങി നിക്കോളസ് മദൂരോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കരാക്കസ്: വെനസ്വേലയില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷമാകുന്നു. പ്രതിപക്ഷ നേതാവ് ഗ്വീഡോയെ ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍ ഇടക്കാല പ്രസിഡന്റായി അംഗീകരിച്ചതാണ് സ്ഥിതി വഷളാക്കിയത്. അമേരിക്ക വെനസ്വേലയില്‍ സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കൊളംബിയയുമായി കരമാര്‍ഗമുള്ള ബന്ധം മദൂരോ സര്‍ക്കാര്‍ അടച്ചു.



കൊളംബിയയേയും വെനസ്വേലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് അടച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് സഹായം വരുന്നത് കൊളംബിയയില്‍ നിന്നാണ്. ഇത് തടയാനാണ് ഈ നടപടി. ടെന്റിറ്റസ് പാലത്തിന് കുറുകെ വലിയ ടാങ്കറുകള്‍ നിരത്തിയാണ് പാലം വെനസ്വേലന്‍ സര്‍ക്കാര്‍ തടഞ്ഞത്.

നേരത്തെ അമേരിക്കയുടെ സഹായം മദൂറോ തള്ളിയിരുന്നു. വെനസ്വെല യാചകരല്ലെന്നായിരുന്നു മദൂരോയുടെ വിശദീകരണം. ചൊവ്വാഴ്ചയാണ് പാലം വെനസ്വേല അടച്ചതെന്ന് കൊളംബിയ കുടിയേറ്റ മന്ത്രാലയം അറിയിച്ചു. ക്യാമറയും പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യാന്തര സഹായം ലഭിക്കുന്നതിനെ മദൂരെ ഭയക്കുന്നുണ്ടെന്നും അതിനാലാണ് പാലം അടച്ചതെന്നും കൊളംബിയന്‍ കുടിയേറ്റ മന്ത്രാലയം അറിയിച്ചു.

പ്രതിപക്ഷ നേതാവ് യുവാന്‍ ഗ്വീഡോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിച്ചുകൊണ്ടുള്ള എട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനത്തെ നേരത്തെ  പ്രസിഡന്റ് നിക്കളസ് മദൂരോ തള്ളിയിരുന്നു .

ജര്‍മനി, ബ്രിട്ടന്‍ ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളാണ്‌  ഗ്വീഡോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിക്കുന്നുവെന്ന്  പ്രഖ്യാപിച്ചത് . മദൂരോ തെരഞ്ഞെടുപ്പില്‍ അനാവശ്യമായി ഇടപെട്ടെന്നായിരുന്നു ഇ.യു. രാജ്യങ്ങളുടെ കണ്ടെത്തല്‍. ഗ്വീഡോയെ ഇടക്കാല പ്രസിഡന്റായി അംഗീകരിച്ച രാജ്യങ്ങള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും ആവശ്യപ്പെട്ടു

We use cookies to give you the best possible experience. Learn more