മധുരൈ എം.പി എസ്. വെങ്കിടേശന്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗം-പൂര്‍ണരൂപം
രാഷ്ട്രപതിയുടെ പാര്‍ലമെന്റ് പ്രസംഗത്തിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ എന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണെങ്കില്‍, ജനവിധി പ്രകാരം 63 സീറ്റുകള്‍ നിങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. നിങ്ങളുടെ കോര്‍പറേറ്റ് സുഹൃത്തുകള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളെ ഞങ്ങള്‍ തകര്‍ത്തെറിഞ്ഞു. ഒരു കാര്യം കൂടി പറയുകയാണെങ്കില്‍, ദൈവപുത്രന്‍ പറഞ്ഞ പല കഥകളും രാജ്യത്തെ ജനങ്ങള്‍ നുണയാണെന്ന് മനസിലാക്കി. പതിനെട്ടാം ലോക്‌സഭയില്‍ ജനങ്ങളെടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനവും നിലപാടും അതാണ്.
ബി.ജെ.പിയുടെ കൈയില്‍ അധികാരം നല്‍കിയാല്‍ സംസാരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുമെന്ന ജനങ്ങളുടെ തിരിച്ചറിവ് കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. പതിനേഴാം ലോക്സഭയുടെ തുടക്കത്തില്‍ പ്രധാനമന്ത്രി പറഞ്ഞ ഒരു പ്രസ്താവന ഞാന്‍ ഇവിടെ ചൂണ്ടിക്കാട്ടുകയാണ്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പ്രതിപക്ഷത്തിന് ഈ സഭയില്‍ സ്ഥാനമില്ല. പാര്‍ലമെന്റ് കെട്ടിടത്തിലെ പറവയുടെ കൂടിരിക്കുന്നിടത്താണ് പ്രതിപക്ഷത്തിന് സ്ഥാനമുള്ളത് എന്ന്. എന്നാല്‍ പ്രതിപക്ഷത്തിന്റെ രണ്ട് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പ്രസംഗം പ്രധാനമന്ത്രിക്ക് ഇപ്പോള്‍ ഒരിടത്ത് ഇരുന്നുകേള്‍ക്കേണ്ട അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍. ആ പെരുമയെ ഇന്ത്യാ നേതാക്കള്‍ വാക്കുകള്‍ കൊണ്ട് നിലനിര്‍ത്തിയിരിക്കുന്നു.
ഏത് ട്രാക്ടറുകള്‍ക്കാണോ നിങ്ങള്‍ ദല്‍ഹിയിലേക്ക് പ്രവേശനം നിഷേധിച്ചത്, ഇന്ന് അതേ ട്രാക്ടറുകളില്‍ തന്നെ ഞങ്ങളുടെ തോഴന്‍, കര്‍ഷക പ്രക്ഷോഭങ്ങളുടെ നായകന്‍ അംറാറാം എം.പിയായി ദല്‍ഹിയിലെത്തിയിരിക്കുന്നു. ദല്‍ഹിയിലെത്തിയ അദ്ദേഹം പാര്‍ലമെന്റില്‍ തന്റെ പദവിപ്രമാണം കൈയിലെടുത്തത് ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്തിയുടെ മുഴുവന്‍ പരാമര്‍ശങ്ങളും അയോധ്യയെ കുറിച്ചായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഇപ്പോള്‍ അയോധ്യ എന്ന് ആരും പറയുന്നില്ല. നിങ്ങള്‍ക്ക് വാക്ക് പിഴച്ചാല്‍ അയോധ്യയും ദൈവവും നിങ്ങളെ കൈവിടുമെന്നാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കിയത്. ഇന്നാണ് അയോധ്യയെ കുറിച്ച് സംസാരിക്കേണ്ടത്. പട്ടിയാല്‍ സമുദായത്തില്‍ പെട്ട അവധേഷ് പ്രസാദിനെ അയോധ്യയിലെ ജനങ്ങള്‍ തെരഞ്ഞെടുത്തു. ജനങ്ങളുടെ എത്ര സുന്ദരമായ വിധിയെഴുത്താണത്!
വാക്പ്പോര് നടത്തുന്നതിനായുള്ള ഇടമായിട്ടാണ് ഭരണപക്ഷം ക്ഷേത്രങ്ങളെ കാണുന്നത്. എന്നാല്‍ വാക്പ്പോര് നടത്താനുള്ള ഇടമല്ല ക്ഷേത്രങ്ങളെന്നും അത് ആത്മീയമായ ഒന്നാണെന്നും അയോധ്യയിലെ ജനങ്ങള്‍ നിങ്ങളോട് ശക്തമായി പറഞ്ഞിരിക്കുന്നു. അതുമാത്രമല്ല, അയോധ്യയിലെ രാമനും വാരണാസിയിലെ കാശി വിശ്വനാഥനും നിങ്ങളെ കൈവിട്ടു. അതും മൂന്ന് തവണ. ദൈവപുത്രനാണ് താനെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം മനുഷ്യരായ ഞങ്ങള്‍ക്ക് പോലും താങ്ങാന്‍ കഴിയുന്നില്ല. അപ്പോള്‍ അത് ദൈവത്തിന് എങ്ങനെ താങ്ങാനാകും. എന്തുമാവട്ടെ, നിങ്ങള്‍ രാമനെ കൈവിട്ട് ആദ്യം വിശ്വനാഥന്റെ അടുത്തേക്ക് പോയി. അവിടെന്ന് ജഗന്നാഥന്റെ അടുത്തേക്കും. ഇനി ജഗന്നാഥന്‍ നിങ്ങള്‍ക്ക് നല്ല ഭാവി നല്‍കട്ടേയെന്ന് ഞാന്‍ ആശംസിക്കുന്നു.
ഇവിടെയിരിക്കുന്ന ഭരണകക്ഷികള്‍ പെരുമയോടെ പലവട്ടം പറഞ്ഞു. ഞങ്ങളുടെ പ്രധാനമന്ത്രി മോദി ചെങ്കോലുമേന്തി വീണ്ടും പാര്‍ലമെന്റിലേക്ക് എത്തിയെന്ന്. എന്നാല്‍ ചെങ്കോല്‍, കിരീടം, സിംഹാസനം തുടങ്ങിയവയെ തകര്‍ത്തുകൊണ്ടാണ് ഇന്ത്യന്‍ മണ്ണില്‍ ജനാധിപത്യം വേരൂന്നിയത്. രാജവാഴ്ച എന്ന് അവസാനിച്ചുവോ അന്ന് ചെങ്കോലിന്റെ മഹിമയും അവസാനിച്ചു. ചത്തുപോയ സിംഹത്തിന്റെ തൊലി തോളിലേന്തിക്കൊണ്ട് കാടിന്റെ രാജാവാണ് താനെന്ന് വിചാരിച്ചിരിക്കുകയാണ് നിങ്ങള്‍. ഒരുകാലത്ത് ചെങ്കോല്‍ സ്ഥാപിച്ച് ഭരണം നടത്തിയിരുന്ന രാജാക്കന്മാരുടെ അന്തപുരങ്ങളില്‍ എത്ര സ്ത്രീകളാണ് അടിമജീവിതം അനുഭവിച്ചിരുന്നത്. മഹാത്മ ഗാന്ധിയെയും അംബേദ്കറെയും പിന്നിലേക്ക് മാറ്റി പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചതിലൂടെ എന്ത് സന്ദേശമാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് നിങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്?
വേദനയോടെയാണ് ഞാന്‍ ഇക്കാര്യം ഇവിടെ പറയുന്നത്. പാര്‍ലമെന്റിന് സമീപത്തായി മഹാത്മ ഗാന്ധിയുടെ ഒരു പ്രതിമ ഉണ്ടായിരുന്നു. മുന്‍വശത്തായി അംബേദ്കറുടെയും. എന്നാല്‍ ഇപ്പോള്‍ അതൊന്നും അവിടെ കാണാന്‍ കഴിയുന്നില്ല. ഭരണകേന്ദ്രത്തിന്റെ മുന്‍വശത്ത് വെക്കേണ്ട മഹാത്മരുടെ പ്രതിമകളെ പാര്‍ലമെന്റിന്റെ പിന്നില്‍ കൊണ്ടുവെച്ചിരിക്കുകയാണ് നിങ്ങള്‍. അതേസമയം സവര്‍ക്കറെയും ചെങ്കോലിനെയും നിങ്ങള്‍ സഭയ്ക്കുള്ളിലും വെച്ചു. ഭരണകക്ഷികള്‍ ഒന്ന് ഓര്‍ക്കണം, ഞങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്ന് കൂടിയാണ് പ്രതിജ്ഞ ചെയ്തത്. അത് എന്തെന്നാല്‍, നിങ്ങള്‍ എന്താണോ മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് അത് ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുമെന്നാണ്. അതിനുപുറമെ ഇവിടെ നിങ്ങള്‍ എന്താണോ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത് അതിനെ സഭയില്‍ നിന്ന് തുടച്ചുനീക്കുമെന്നും.
ചെങ്കോലിന് രണ്ട് പ്രത്യേകതയുണ്ട്. ഒന്ന് രാജവാഴ്ചയുടെ പ്രതീകം, മറ്റൊന്ന് നേരിന്റെയും. ചെങ്കോല്‍ കൈവശം വെക്കാന്‍ നിങ്ങളില്‍ എന്ത് നേരാണ് ഉള്ളത്. തമിഴ്നാട്ടില്‍ നിന്ന് എട്ട് തലമുറയിലുള്ള പ്രധാനമന്ത്രി വന്നാലും തമിഴ്നാടിന്റെ പെരുമയെക്കുറിച്ചും തമിഴ് ഭാഷയെ കുറിച്ചും സംസ്‌കാരത്തെ കുറിച്ചുമായിരിക്കും സംസാരിക്കുക. തെരഞ്ഞെടുപ്പിനിടെ ഉത്തര്‍പ്രദേശില്‍ പോയി നിങ്ങള്‍ എന്താണ് തമിഴരെ കുറിച്ച് പറഞ്ഞത്. ബീഹാറില്‍ എന്താണ് പറഞ്ഞത്, ഒഡിഷയില്‍ എന്താണ് പറഞ്ഞത്? ഭരണത്തില്‍ സത്യസന്ധതയും നേരും പുലര്‍ത്തിയിരുന്നെങ്കില്‍ നിങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ പോയി പറഞ്ഞത് തമിഴ്നാട്ടില്‍ വന്നപ്പോള്‍ പറഞ്ഞേനെ. ഒരു ഭരണകക്ഷിയും ഇതുവരെ തമിഴ്നാടിനെ കുറിച്ച് ഇത്തരത്തില്‍ സംസാരിച്ചിട്ടില്ല.
ഇതിനുപുറമെ മുസ്‌ലിങ്ങളെയും ന്യൂനപക്ഷങ്ങളെയും നിങ്ങള്‍ നുഴഞ്ഞുകയറ്റക്കാരെന്ന് വിളിച്ചു. നിങ്ങള്‍ അവരെ കൂട്ടികളെ പ്രസവിച്ച് കൂട്ടുന്നവരെന്നും സ്വത്ത് അപഹരിക്കുന്നവരെന്നും വിളിച്ചു. ഇതെല്ലം ജനങ്ങള്‍ കണ്ടിരുന്നു, കേട്ടിരുന്നു എന്നാണ് എനിക്ക് പറയാനുള്ളത്.
ഇതെല്ലം കൂടാതെ നീറ്റ് പരീക്ഷയിലെ ക്രമക്കേടും. കുറെയധികം മാഫിയകള്‍ നീറ്റിന്റെ കോച്ചിങ് സെന്ററുകളും നടപടി ക്രമങ്ങളും അവരുടെ പക്കല്‍ ഭദ്രമായി വെച്ചിരിക്കുകയാണ്. ഇതിനെ കുറിച്ച് പ്രധാനമന്ത്രി ഒന്നും തന്നെ സംസാരിക്കുന്നില്ല. റെയില്‍ അപകടങ്ങളെ കുറിച്ച് റെയില്‍വേ മന്ത്രിയും സംസാരിക്കാതിരിക്കുന്നു. മണിപ്പൂര്‍ വിഷയത്തെ കുറിച്ച് സ്പീക്കറും രാഷ്ട്രപതിയും സംസാരിക്കുന്നില്ല. ഇവരുടെ മൗനത്തിന് പിന്നില്‍ രാജ്യത്തെ പലയിടങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നു. കൂടാതെ എഴുത്തുകാരിയായ അരുദ്ധതി റോയ്, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവര്‍ക്കെതിരെ വസ്തുതാവിരുദ്ധമായ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നു.
ഇക്കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ പല വിഷയങ്ങളും പഠിച്ചുകൊണ്ടിരിക്കുകയാണ്. 63 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ നിങ്ങളെ തള്ളിക്കളഞ്ഞത് മാത്രമല്ല, സഹപ്രവര്‍ത്തകരോട് മാന്യതയോടെ പെരുമാറാന്‍ നിങ്ങള്‍ ഇപ്പോള്‍ പഠിക്കുകയും ചെയ്തു. 12 ലോക്‌സഭാ പ്രതിധികളുള്ള എന്‍.ഡി.എ സഖ്യകക്ഷിയെ പ്രധാനമന്ത്രി ഇപ്പോള്‍ വണങ്ങുന്നു. അത് ഈ നാടിന്റെ തലവര തന്നെ മാറ്റി. നിങ്ങളുടെ സമയമടുത്തു, ജനങ്ങളുടെ നീതിയാണ് ഇന്ത്യയുടെ ശബ്ദമെന്ന് ജനങ്ങള്‍ വീണ്ടും വീണ്ടും നിങ്ങളോട് പറയുകയാണ്.
മൊഴിമാറ്റം – രാഗേന്ദു പി.ആർ.
Content Highlight: Madurai CPIM MP S. Venkatesan’s full speech in Lok Sabha in Malayalam