സംഗീത് ശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ എവർഗ്രീൻ ചിത്രമായിരുന്നു യോദ്ധ. മോഹൻലാൽ, ജഗതി ശ്രീകുമാർ, മധുബാല തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം മലയാളികൾക്ക് നേപ്പാളിന്റെ ഭംഗി കാണിച്ചുതന്ന സിനിമയാണ്. യോദ്ധയ്ക്ക് ശേഷം മോഹൻലാലും മധുബാലയും വീണ്ടും ഒന്നിച്ചത് മണിരത്നം ഒരുക്കിയ ഇരുവർ എന്ന ചിത്രത്തിലായിരുന്നു.
മോഹൻലാലിന്റെ അതിഗംഭീര പ്രകടനം കണ്ട ചിത്രം കൂടിയായിരുന്നു ഇരുവർ. എന്നാൽ റിലീസ് ചെയ്ത സമയത്ത് ചില പ്രശ്നങ്ങൾ നേരിട്ട ചിത്രമായിരുന്നു ഇരുവറെന്നും പക്ഷെ കാലത്തെ അതിജീവിച്ച് ഇന്ന് അതൊരു ക്ലാസിക്കായി മാറിയെന്നും മധുബാല പറയുന്നു. താൻ ഒരു അവധികാലം പോലെ ആസ്വദിച്ച ചിത്രമാണ് യോദ്ധയെന്നും കുനുകുനെ എന്ന പാട്ടിന്റെ റീലുകൾ പലരും അയച്ചുതരാറുണ്ടെന്നും മധുബാല പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.
‘റിലീസ് ചെയ്ത സമയത്ത് ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ട സിനിമയായിരുന്നു ഇരുവർ പക്ഷേ, കാലത്തെ അതിജീവിച്ച് ഇന്ന് അതൊരു ക്ലാസിക്കായി മാറി. സിനിമ വിദ്യാർത്ഥികൾക്ക് പാഠപുസ്‌തകം പോലെയായി. അതൊക്കെയല്ലേ ഒരു സിനിമയുടെ അന്തിമവിജയം എന്ന് പറയുന്നത്.
യോദ്ധയെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് സംഗീത് ശിവൻ സാറാണ്. അദ്ദേഹം ഈയിടെ നമ്മളെ വിട്ടുപോയി. അദ്ദേഹത്തിനോട് എനിക്ക് വലിയ കടപ്പാടുണ്ട്. കാരണം ഇന്നും മലയാളസിനിമയിലെ ക്ലാസിക്കായി കരുതുന്ന സിനിമയാണത്.
നേപ്പാളിലെ അതിമനോഹരമായ ലൊക്കേഷനും ഗാനങ്ങളുമെല്ലാം അക്കാലത്തെ വലിയ പുതുമയായിരുന്നു. കോമഡിയും ആക്ഷനും അഡ്വഞ്ചറും എല്ലാം ചേർന്ന ഒരു സിനിമ. ജഗതി ശ്രീകുമാർ സാറിനൊപ്പമെല്ലാം ഒരുപാട് കോമ്പിനേഷൻ രംഗങ്ങളുണ്ടായിരുന്നു.
ഒരു വെക്കേഷൻപോലെ ആസ്വദിച്ച സിനിമയായിരുന്നു യോദ്ധ. പലരും കുനുകുനേ എന്ന പാട്ടിൻ്റെ റീലുകൾ അയച്ചുതരാറുണ്ട്. അതെല്ലാം കാണുമ്പോൾ വലിയ സന്തോഷം തോന്നും,’മധുബാല പറയുന്നു.