ചെന്നൈ: രാജ്യത്ത് നടക്കുന്ന ലൈംഗികാതിക്രമങ്ങളില്‍ നടുക്കം രേഖപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ആധ്യാത്മിക രാഷ്ട്രമായിരുന്നയിടം പീഡനക്കളമായെന്ന് കോടതി പറഞ്ഞു.
ഓരോ 15 മിനുട്ടിലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നെന്നും രാജ്യത്തെ സ്ത്രീകള്‍ സുരക്ഷിതമല്ലെന്നും കോടതി പറഞ്ഞു. നിരാശാജനകമായ സാഹചര്യമാണ് രാജ്യത്തെന്നും ജസ്റ്റിസ് എന്‍.കിരുമ്പാകരന്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടികള്‍ മരിച്ചതിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം.
ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ യു.പിയിലെ ബല്‍റാംപൂരിലും കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി മരിച്ചിരുന്നു.
22 വയസ്സുള്ള യുവതിയാണ് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി മരിച്ചത്. യുവതിയുടെ ശരീരത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.