| Tuesday, 11th June 2019, 9:53 pm

മദ്രസകളെ 'ആധുനികവത്കരിക്കും'; മുഖ്യധാര വിദ്യഭ്യാസവുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ മദ്രസകളെ മുഖ്യധാര വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. മദ്രസകളെ ഔപചാരിക വിദ്യാഭ്യാസ രീതികളുമായി ബന്ധിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍, ശാസ്ത്ര പഠനം എന്നിവയും നല്‍കാനാണ് കേന്ദ്രത്തിന്റെ പദ്ധതി.

‘നമ്മുടെ രാജ്യത്ത് നിരവധി മദ്രസകളാണുള്ളത്. അവ ഔപചാരിക വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കും. അത്തരത്തില്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി സംഭാവനകള്‍ നല്‍കാം’- നഖ്‌വി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

‘പദ്ധതി അടുത്ത മാസം മുതല്‍ ആരംഭിക്കുമെന്നും നഖ് വി അറിയിച്ചു. മദ്രസ അധ്യാപകര്‍ക്ക് ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം, കമ്പ്യൂട്ടര്‍ എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കും. മദ്രസാ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുഖ്യധാര വിദ്യാഭ്യാസം നല്‍കാന്‍ ഇതിലൂടെ അവര്‍ക്ക് സാധിക്കും’- നഖ്‌വി പറയുന്നു.

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മദ്രസകളെ ആധുനികവത്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഒരു കൈയ്യില്‍ ഖുറാനും മറ്റൊരു കയ്യില്‍ കമ്പ്യൂട്ടറും എന്ന മുദ്രാവാക്യവും തെരഞ്ഞെടുപ്പ് സമയത്ത് മോദി ആവിഷ്‌കരിച്ചിരുന്നു.

നേരത്തെ മദ്രസകള്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ഷിയാ കേന്ദ്ര വഖഫ് ബോര്‍ഡ് പ്രധാനമന്ത്രിക്ക് കത്തയച്ചത് വിവാദമായിരുന്നു. മദ്രസകള്‍ അടച്ചു പൂട്ടി ഇത് സി.ബി.എസ്.ഇ, ഐ.സി.എസ്.ഇയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മതേതര സ്‌കൂളുകളാക്കണമെന്നുമായിരുന്നു ഷിയ വഖഫ് ബോര്‍ഡിന്റെ ആവശ്യം. മദ്രസകള്‍ കുട്ടികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നെന്നായിരുന്നു അവരുടെ ആരോപണം.

We use cookies to give you the best possible experience. Learn more