ലഖ്‌നൗ: രാജ്യത്തെ ഭൂരിഭാഗം മദ്രസകളും പ്രവര്‍ത്തിക്കുന്നത് അംഗീകാരമില്ലാതെയാണെന്നും ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ തീവ്രവാദത്തിലേക്ക് വഴിമാറുന്നുവെന്നും ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി .
തീവ്രവാദത്തെ പിന്തുണക്കുന്ന പല മദ്രസകളും കുട്ടികളെ തീവ്രവാദികളാക്കി മാറ്റുന്നുവെന്നും ഇത്തരം സ്ഥാപനങ്ങളെ പൊതു വിദ്യാഭ്യാസത്തിനു കീഴില്‍ കൊണ്ടുവരണമെന്നും കാണിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചതിനു പിന്നാലെ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്ര മദ്രസകള്‍ എഞ്ചിനീയര്‍മാരെയും ഡോക്ടര്‍മാരെയും ഐ.എസ് ഓഫീസര്‍മാരെയും പുറത്തു വിട്ടിട്ടുണ്ട്? ഒരു മദ്രസ പോലുമില്ല. ഇതേസമയം ചില മദ്രസകള്‍ തീവ്രവാദികളെ പുറത്തുവിടുകയും ചെയ്യുന്നുണ്ടെന്നും റിസ്‌വി പറയുന്നു.
ഇസ്‌ലാമിക് വിദ്യാഭ്യാസത്തെ ഒരു ഓപ്ഷണലായി പഠിപ്പിക്കുന്ന കോണ്‍വെന്റ് സ്‌കൂളുകളാക്കി മദ്രസകളെ മാറ്റണമെന്നും റിസ്‌വി പറയുന്നു. ഇവ സി.ബി.എസ്.ഇയിലോ ഐ.സി.എസ്.സിയിലോ അഫ്‌ലിയേറ്റ് ചെയ്തിരിക്കണം. അമുസ്‌ലിം വിദ്യാര്‍ത്ഥികളെയും ഇവിടെ പ്രവേശിപ്പിക്കണമെന്നും മതപരമായ വിഷയങ്ങള്‍ ഓപ്ഷണലായി മാത്രമേ ഇവിടെ പഠിപ്പിക്കാവൂ എന്നും അദ്ദേഹം പറയുന്നു.
ഈയൊരു മാറ്റം നമ്മുടെ രാജ്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും വസീം റിസ്‌വി എ.എന്‍.ഐയോട് പറഞ്ഞു.