മദ്രസകളില്‍ പഠിച്ചിറങ്ങിയ തീവ്രവാദികളാണ് ജമ്മുകശ്മീരിനെ ഭീകര ഫാക്ടറിയാക്കിയത്; ഗോഡ്‌സെയെ 'ദേശീയവാദി'യാക്കിയ ബി.ജെ.പി മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം
national news
മദ്രസകളില്‍ പഠിച്ചിറങ്ങിയ തീവ്രവാദികളാണ് ജമ്മുകശ്മീരിനെ ഭീകര ഫാക്ടറിയാക്കിയത്; ഗോഡ്‌സെയെ 'ദേശീയവാദി'യാക്കിയ ബി.ജെ.പി മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st October 2020, 8:46 am

ഭോപ്പാല്‍: മദ്രസകള്‍ തീവ്രവാദം വളര്‍ത്തുന്ന ഇടമാണെന്ന് ബി.ജെ.പി മന്ത്രി ഉഷാ താക്കൂര്‍. മദ്രസകളും സംസ്‌കൃത പഠനകേന്ദ്രങ്ങളും അടച്ചുപൂട്ടണമെന്ന അസം സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് മധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂറിന്റെ വര്‍ഗീയ പരാമര്‍ശം.

മദ്രസയില്‍ പഠിച്ച എല്ലാ തീവ്രവാദികളും ജമ്മു കശ്മീരിനെ ഒരു ഭീകര ഫാക്ടറിയാക്കി മാറ്റിയെന്നും  ഇവര്‍ ആരോപിച്ചു.

ദേശീയത പാലിക്കാന്‍ കഴിയാത്ത മദ്രസകളെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായവുമായി ലയിപ്പിച്ച് സമൂഹത്തിന്റെ സമ്പൂര്‍ണ്ണ പുരോഗതി ഉറപ്പാക്കണമെന്ന് ഇവര്‍ പറയുന്നു.

നേരത്തെ ഉഷാ താക്കൂര്‍ ഗാന്ധി ഘാതകനായ ഗോഡ്‌സെയെ ‘ദേശീയവാദി’ എന്ന് പ്രശംസിച്ചിരുന്നു. ഇതിന് മുന്‍പും ഇവര്‍ നിരവധി തവണ വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയിരുന്നു.

അതേസമയം, ഈ വര്‍ഷം നവംബറോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്ലാ മദ്രസ, സംസ്‌കൃത സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്ന് അസാം വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

പൊതു പണം ‘മത വിദ്യാഭ്യാസത്തിനായി ചെലവഴിക്കാന്‍ അനുവദിക്കാനാവില്ല’ എന്നും ഹിമാന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു.

എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മദ്രസകളെല്ലാം അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുസ്‌ലിം പുരോഹിതര്‍ രംഗത്തെത്തിയിരുന്നു. തീരുമാനം ഉറപ്പിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ രണ്ട് വട്ടം ആലോചിക്കണമെന്നും പുരോഹിതര്‍ ആവശ്യപ്പെട്ടിരുന്നു.

”രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കാലം മുതല്‍ മദ്രസകള്‍ അസമില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മദ്രസയില്‍ ചേര്‍ന്നിട്ടുണ്ട്, പലരും ഇതിനകം വിജയിച്ചു. സര്‍ക്കാര്‍ മദ്രസകളെ അടച്ചുപൂട്ടുകയാണെങ്കില്‍, ഈ വിദ്യാര്‍ത്ഥികളുടെ ജീവിതം നശിപ്പിക്കപ്പെടും. അതിനാല്‍ ഇത് ചെയ്യരുതെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. സിലബസില്‍ എന്തെങ്കിലും മാറ്റം ആവശ്യമെങ്കില്‍ അത് ചെയ്യുക. മതവിദ്യാഭ്യാസത്തോടൊപ്പം പൊതുവിദ്യാഭ്യാസവും അവിടെ പഠിപ്പിക്കുന്നുണ്ട്” എന്നാണ് ഇവര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Madrasas are breeding grounds for terrorists: MP cabinet minister Usha Thakur