മുംബൈ: മുംബൈയില്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന മദ്രസ വിദ്യാര്‍തഥികളെ അക്രമിച്ച് അജ്ഞാത സംഘം. മദ്യപിച്ചെത്തിയ രണ്ട് പേര്‍ ഒരു കാരണവുമില്ലാതെ തന്നെ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു. സംഭവം തടയാന്‍ ശ്രമിച്ച സുശീല്‍ എന്ന യുവാവിനേയും അക്രമിസംഘം കൈയേറ്റം ചെയ്തിട്ടുണ്ട്. മര്‍ദനമേറ്റ രണ്ട് പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല.
ദൃക്‌സാക്ഷികളുടെ മൊഴി പ്രകാരം പ്രകോപനങ്ങള്‍ ഒന്നും തന്നെയില്ലാതെയാണ് ആക്രമണം ഉണ്ടായതെന്നാണ് പറയുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.
ഓഗസ്റ്റില്‍ ഈ സംഭവത്തിന് സമാനമായി മഹാരാഷ്ടയിലെ നാസികില്‍ ഹാജി അഷ്‌റഫ് മുന്യാര്‍ എന്ന മുസ്‌ലിം എന്ന വയോധികനെ സഹയാത്രികര്‍ മര്‍ദിക്കുന്നതിന്റേയും അസഭ്യം പറയുന്നതിന്റേയും വീഡിയോയും പ്രചരിച്ചിരുന്നു. നാസികിലെ ഇഗത്പുരിയിലെ ഒരു എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യവെയാണ് സംഭവം.
പ്രതികളിലൊരാള്‍ വൃദ്ധനെ മര്‍ദിക്കുന്നതിന്റെയും ചീത്ത വിളിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ എസ്.ആര്‍.പി.എഫ്. ഉദ്യോഗസ്ഥന്റെ മകനായ ആശു അവഹദ് എന്ന യുവാവാണ് അക്രമത്തിന് പിന്നിലുള്ളതെന്ന് തിരിച്ചറിഞ്ഞു. പൊലീസ് എക്‌സാം എഴുതുന്നതിനായി മുംബൈയിലേക്ക് പോവുകയായിരുന്നു പ്രതികള്‍.
ഇതാദ്യമായല്ല രാജ്യത്ത് മുസ്‌ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഉണ്ടാവുന്നത്.
2017 ഏപ്രില്‍ മുതല്‍ ആള്‍ക്കൂട്ട വിചാരണയുടെ പേരില്‍ പത്ത് മുസ്‌ലിം പുരുഷന്മാരെങ്കിലും പൊതുസ്ഥലത്ത് കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘മുസ്‌ലിങ്ങള്‍ക്കെതിരായി നടക്കുന്ന ഈ ആക്രമണങ്ങളില്‍ ഭൂരിഭാഗവും ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണ്. ഈ അവസ്ഥ ആശങ്കാജനകമാണ്. എന്നാല്‍ പ്രധാനമന്ത്രിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രിമാരും ഈ അക്രമത്തിനെതിരായി ഒന്നും തന്നെ ചെയ്തിട്ടില്ല,’ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകര്‍ പട്ടേല്‍ പറയുന്നു.