തീവ്രവാദ സംഘടനകള്‍ക്ക് മതസ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു മാസത്തിനിടെ തകര്‍ക്കുന്ന മൂന്നാമത്തെ മദ്രസയാണിത്.
അല്‍ഖ്വയ്ദ ബന്ധമാരോപിക്കുന്ന ബംഗ്ലാദേശ് ആസ്ഥാനമായ തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരില്‍ അഞ്ചുപേര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മതസ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപടി തുടങ്ങിയത്. മദ്രസയിലെ സാധനങ്ങളെല്ലാം പ്രദേശവാസികളുടെ സഹായത്തോടെ മദ്രസാ കമ്മിറ്റി ഇന്നലെ രാത്രി തന്നെ മാറ്റിയിരുന്നു.
മദ്രസാ കെട്ടിടം പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചല്ല നിര്‍മിച്ചതെന്നും അതുകൊണ്ട് മനുഷ്യവാസത്തിന് യോഗ്യമല്ലെന്നും വ്യക്തമാക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുണ്ടെന്ന് എസ്.പി സ്വപ്ന നീല്‍ ദേഖയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ വ്യക്തിയുമായി ഗോപാല്‍പുര പൊലീസ് ഇന്നലെ മദ്രസയില്‍ റെയ്ഡ് നടത്തിയിരുന്നു. ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് മദ്രസ പൊളിച്ചുനീക്കിയതെന്നും എസ്.പി പറഞ്ഞു.
ബര്‍പേട്ട ജില്ലയിലെ മദ്രസകളിലൊന്ന് തിങ്കളാഴ്ച അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു. മദ്രസാ കെട്ടിടം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു നടപടി. അല്‍ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ അക്ബര്‍ അലി, അബുല്‍ കലാം ആസാദ് എന്നീ രണ്ട് പേര്‍ ശനിയാഴ്ച അറസ്റ്റിലായിരുന്നു. ഇവര്‍ ഈ മദ്രസ കേന്ദ്രീകരിച്ചാണ് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് ആരോപണം. ഈ മാസം നാലിന് മൊറിഗോണിലെ മറ്റൊരു മദ്രസയും പൊളിച്ചുനീക്കിയിരുന്നു.
വിദ്യാഭ്യാസ സ്ഥാപനമായിട്ടല്ല, തീവ്രവാദത്തിന്റെ ഹബ്ബായാണ് ഈ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ആരോപിച്ചിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന 700ലേറെ മദ്രസകള്‍ താന്‍ പൂട്ടിക്കഴിഞ്ഞു. ഇമാമുകളെന്ന വ്യാജേന ജിഹാദികള്‍ നുഴഞ്ഞുകയറുകയാണ്. ഇത്തരത്തില്‍ പരാതി ലഭിച്ചിടങ്ങളിലെല്ലാം ഒഴിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസമിന് പുറത്തുനിന്ന് വരുന്ന ഇമാമുകള്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും ഗവര്‍ണ്‍മെന്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
Content Highlight: Madrasa in assam demolished over allegations regarding connections with terrorists