| Sunday, 22nd December 2019, 12:23 pm

ചര്‍ച്ച മാത്രം മതി, പ്രകടനവും മുദ്രാവാക്യവും വേണ്ട; മദ്രാസ് ഐ.ഐ.ടിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പൗരത്വ ഭേദഗതി നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ പ്രകടനങ്ങള്‍ക്കും മുദ്രാവാക്യങ്ങള്‍ക്കും മദ്രാസ് ഐ.ഐ.ടിയില്‍ വിലക്ക്. ചര്‍ച്ച മാത്രമേ പാടുള്ളൂവെന്നും പ്രകടനം ഐ.ഐ.ടി പാരമ്പര്യമല്ലെന്നും അധികൃതര്‍ അറിയിച്ചു.

വിലക്കിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തിക്കഴിഞ്ഞു. മൗലികാവകാശങ്ങളുടെ ലംഘനമാണു വിലക്കെന്നു വിദ്യാര്‍ഥികള്‍ ആരോപിച്ചു.

അതിനിടെ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബംഗാളില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ ബി.ജെ.പി സംസ്ഥാന ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിയും രാജ്യത്തെ വിഭജിക്കാനുള്ള ബി.ജെ.പി പദ്ധതിയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ജാദവ്പൂര്‍ സര്‍വ്വകലാശാല, പ്രസിഡന്‍സി സര്‍വ്വകലാശാല, ആലിയ സര്‍വ്വകലാശാല, സത്യജിത് റായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, കല്‍ക്കട്ട സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ബി.ജെ.പി ആസ്ഥാനത്തിന് കുറച്ച് ദൂരം മുന്‍പില്‍ വെച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു.

വിദ്യാര്‍ത്ഥികളുടെ മാര്‍ച്ചിനെ നേരിടാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വടികളുമായി പാര്‍ട്ടി ആസ്ഥാനത്ത് മുമ്പില്‍ നിന്നിരുന്നു. ബാരിക്കേഡുകള്‍ നിരത്തി മാര്‍ച്ചിനെ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസും വിദ്യാര്‍ത്ഥികളുമായി ചെറിയ സംഘര്‍ഷ സാധ്യത ഉടലെടുത്തിരുന്നു.

പാര്‍ട്ടി ഓഫീസിന് എന്തെങ്കിലും അപകടം വരുത്തി വെക്കാനാണ് ആരെങ്കിലും വരുന്നതെങ്കില്‍ ആശുപത്രിയില്‍ പോവാന്‍ സ്ട്രെച്ചറും കരുതി വരണമെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രതികരിച്ചത്.

We use cookies to give you the best possible experience. Learn more