[] പോണ്ടിച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്ത നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. റാഗിങിനെതിരെ പരാതിപ്പെട്ട ഏഴ് മലയാളി വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
സര്‍വകലാശാലയുടെ നടപടിയില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട കോടതി സര്‍വകലാശാലയുടെ ഈ നടപടി എന്തിനെന്ന് വ്യക്തമാക്കണമെന്നും പറഞ്ഞു.
സെപ്തംബര്‍ 21 ന് ക്യാമ്പസില്‍ വച്ച് നടന്ന റാഗിങിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ ബലാത്സംഗം ചെയ്യുമെന്ന് സീനിയര്‍ വിദ്യാര്‍ത്ഥി ഭീഷണി മുഴക്കിയിരുന്നുവെന്ന് പരാതിക്കാര്‍ പറഞ്ഞിരുന്നു.
പ്രതിഷേധം ഉയര്‍ന്നപ്പോഴും സര്‍വകലാശാലയുടെ പേരിന് കോട്ടം തട്ടാതിരിക്കാനും പരാതി ഒതുക്കിത്തീര്‍ക്കാനുമാണ് വൈസ് ചാന്‍സലര്‍ അടക്കമുള്ളവര്‍ പരാതിക്കാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി എടുത്തത്.
സംഭവം മാധ്യമങ്ങളെ അറിയിച്ചതും ക്യാമ്പസിനുള്ളില്‍ നടത്തിയ പ്രതിഷേധപ്രകടനവുമെല്ലാം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന പേരു പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത്.
സസ്‌പെന്‍ഷനിലായിരുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ നാല് ദിവസമായി അനിശ്ചിതകാല സത്യാഗ്രഹത്തിലായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു സര്‍വകലാശാലയുടെ സസ്‌പെന്‍ഷന്‍ നടപടി.