പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണം; തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി
national news
പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണം; തമിഴ്‌നാട് സര്‍ക്കാരിനോട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th July 2022, 8:35 am

ചെന്നൈ: തമിഴ്‌നാട്ടില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാഡ് 2022ലെ എല്ലാ പരസ്യങ്ങളിലും പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി കോടതി. മദ്രാസ് ഹൈക്കോടതിയാണ് തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റേയും ചിത്രങ്ങള്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു.

ചെസ് ഒളിമ്പ്യാഡിന് പങ്കെടുക്കുന്നില്ലെങ്കിലും പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നായിരുന്നു ഹരജി പരിഗണിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പറഞ്ഞത്.

നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കായികതാരങ്ങള്‍ പങ്കെടുക്കുന്ന അന്തരീക്ഷത്തില്‍ രാഷ്ട്രീയമല്ല മറിച്ച് രാജ്യത്തെയാണ് ഉയര്‍ത്തിക്കാട്ടേണ്ടത് എന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുനീശ്വര്‍ നാഥ് ഭണ്ഡാരി പറഞ്ഞു.

ജൂലൈ 28 മുതല്‍ ആഗസ്റ്റ് 10 വരെയായിരിക്കും ചെസ് ഒളിമ്പ്യാഡ് നടക്കുക.

തമിഴ്‌നാട് ശിവഗംഗ സ്വദേശിയായ രാജേഷ് കുമാര്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ജൂലൈ 28ന് ആരംഭിച്ച ചെസ് ഒളിമ്പ്യാഡ് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. പൊതുടാക്‌സില്‍ നിന്നും വലിയ തുക പരിപാടിക്കായി സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഹരജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തന്നെ രാജ്യത്തിന് പ്രാധാന്യമുള്ള ചടങ്ങാണ് നിലവില്‍ നടക്കാനിരിക്കുന്നത്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി മാത്രം പരിപാടിയെ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഹരജിക്കാരന്‍ ആരോപിച്ചു.

രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെയോ രാഷ്ട്രപതിയായ ദ്രൗപതി മുര്‍മുവിന്റെയോ ചിത്രങ്ങള്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ചിത്രം മാത്രമാണ് പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഹരജിക്കാരന്‍ ആരോപിച്ചു.

പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്‍പ്പെടുത്താത്തതിന് തമിഴ്നാട് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ചെസ് ഒളിമ്പ്യാഡുമായി ബന്ധപ്പെട്ട പോസ്റ്ററുകളില്‍ പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിയുടേയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താത്തതില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പരസ്യ പ്രചാരണത്തിന്റെ ഭാഗമായി നിര്‍മിച്ച ഹോര്‍ഡിങ്ങുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ പതിപ്പിക്കുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ ഇതിന് പിന്നാലെ പുറത്തു വന്നിരുന്നു.

എന്നാല്‍ ബി.ജെ.പി അച്ചടക്കമുള്ള പാര്‍ട്ടിയാണെന്നും അതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിക്കണമെന്ന് ബി.ജെ.പി നേതൃത്വം പ്രവര്‍ത്തകരോട് പറഞ്ഞിട്ടില്ലെന്നുമായിരുന്നു തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ പ്രതികരണമെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചെസ് ഒളിമ്പ്യാഡ് ഇന്ത്യയിലെത്തിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും പ്രവര്‍ത്തകര്‍ അവരുടെ വികാരങ്ങള്‍ക്ക് പുറമെ നടത്തുന്ന പ്രതിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ ബി.ജെ.പി വളരെ അച്ചടക്കമുള്ള പാര്‍ട്ടിയാണ്. പ്രവര്‍ത്തകരോട് പോസ്റ്റര്‍ ഒട്ടിക്കാനോ ചിത്രം പതിപ്പിക്കാനോ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. അവര്‍ അവരുടെ വികാരങ്ങള്‍ക്ക് പുറത്ത് ചെയ്യുന്നതാണ്,’ അണ്ണാമലൈ പറഞ്ഞു.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് വ്യക്തമാണെന്നും അടുത്ത തവണ മറ്റേതെങ്കിലും പരിപാടി നടക്കുമ്പോള്‍ അതിനെ രാഷ്ട്രീയവത്ക്കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മുതിരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

44ാമത് ചെസ് ഒളിമ്പ്യാഡ് വ്യാഴാഴ്ച ചെന്നൈയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.
സംസ്ഥാന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, നടന്‍ രജനികാന്ത് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

റഷ്യയിലായിരുന്നു ചെസ് ഒളിമ്പ്യാഡ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ റഷ്യ- ഉക്രൈന്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് മത്സരം ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു.

Content Highlight: Madras Highcourt orders tamilnadu government to add photos of prime minister and president of India in the advertisements of chess olympiad 2022