ഹിന്ദു തീവ്രവാദി പരാമര്‍ശം: കമല്‍ഹാസന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി
D' Election 2019
ഹിന്ദു തീവ്രവാദി പരാമര്‍ശം: കമല്‍ഹാസന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th May 2019, 12:02 pm

ഹിന്ദു തീവ്രവാദി പരാമര്‍ശം: കമല്‍ഹാസന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതിന്യൂദല്‍ഹി: ഹിന്ദു തീവ്രവാദി പരാമര്‍ശത്തില്‍ നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് കമല്‍ഹാസന് ജാമ്യം അനുവദിച്ചത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി, ഹിന്ദുവായ ഗാന്ധിഘാതകന്‍ നാഥുറാം ഗോഡ്‌സെയാണെന്നായിരുന്നു കമല്‍ഹാസന്റെ പ്രസ്താവന. ഇതില്‍ 75 ഓളം പരാതികളാണ് കമല്‍ഹാസനെതിരെയുള്ളത്. അറവക്കുറിച്ചി പൊലീസ് കമലിനെതിരെ ക്രിമിനല്‍ കേസെടുത്തിരുന്നു.

അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവെയാണ് കമല്‍ ഹാസന്‍ ഗോഡ്‌സെയുടെ പേര് പരാമര്‍ശിച്ചത്. മണ്ഡലത്തിലെ  മുസ്‌ലീം ഭൂരിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ല താന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചിരുന്നു.

‘ഇവിടെ ഒരുപാട് മുസ്‌ലീങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്‌സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്.

പിന്നാലെ ഹിന്ദുവെന്ന പേര് ഇന്ത്യയില്‍ കൊണ്ടു വന്നത് മുഗള്‍ ഭരണാധികാരികള്‍ ആയിരുന്നെന്നും പിന്നീട് എത്തിയ ബ്രിട്ടീഷുകാര്‍ അതിനെ പിന്തുണയ്ക്കുകയാണ് ഉണ്ടായതെന്നും അഞ്ച് മുതല്‍ പത്ത് വരെ നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യയില്‍ ജീവിച്ചിരുന്ന ഭക്തിപ്രസ്ഥാന കവികളായ ആള്‍വാറുകളുടെയോ ശൈവനായന്മാരുടെയോ കൃതികളില്‍ ഒരിടത്തും ഹിന്ദു എന്ന പരാമര്‍ശമില്ലെന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തിരുന്നു.