ചെന്നൈ: അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. എല്ലാ വിഷയങ്ങളും രാഷ്ട്രീയ വത്കരിക്കുന്നത് എന്തിനാണെന്നും സ്ത്രീ സുരക്ഷയില്‍ ആശങ്കയില്ലാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
പ്രതിഷേധസമരത്തിന് അനുമതി നിഷേധിക്കുന്നുവെന്ന് കാണിച്ച് പി.എം.കെ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. പി.എം.കെയുടെ അഭിഭാഷകന്‍ കെ.ബാലുവാണ് ഹരജി നല്‍കിയത്.
ജസ്റ്റിസ് പി.വേല്‍മുരുകനാണ് രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ചത്. ലൈംഗികാതിക്രമ കേസിനെ രാഷ്ട്രീയ വത്കരിക്കാനുള്ള ശ്രമമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട യാതൊരു ആശയങ്കയുമില്ലെന്നും, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളൊന്നുമുണ്ടാവുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം രാഷ്ട്രീയവും പബ്ലിസിറ്റിയും ലക്ഷ്യമിട്ട് പാര്‍ട്ടികള്‍ ലൈംഗികാതിക്രമത്തെ ഉപയോഗിക്കുകയാണെന്നും കോടതി പരാമര്‍ശിച്ചു.
സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടിയാണ് പ്രതിഷേധം എന്ന അഭിഭാഷകന്റെ വാദത്തോടും കോടതി ക്ഷുഭിതനായി. സ്ത്രീകള്‍ക്ക് തുല്യ അവകാശം ലഭിക്കുമ്പോള്‍ എന്തിനാണ് സ്ത്രീകള്‍ക്ക് നിങ്ങളുടെ സംരക്ഷണമെന്നും കോടതി ചോദിച്ചു.
2024 ഡിസംബര്‍ 23 നായിരുന്നു അണ്ണാ സര്‍വകലാശാലയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നത്. ക്യാമ്പസില്‍ നിന്നും പുരുഷ സുഹൃത്തിനൊപ്പം പള്ളിയില്‍ പോയി വരികയായിരുന്ന രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ പ്രതി ജ്ഞാനശേഖരനും കൂട്ടാളിയും അതിക്രൂരമായി ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Content Highlight: madras highcourt criticizing political parties in protection of women