ചെന്നൈ: ബെംഗുളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തെ തമിഴ്‌നാടുമായി ബന്ധപ്പെടുത്തി ബി.ജെ.പിയുടെ കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെ നടത്തിയ വിദ്വേഷ പ്രസ്താവനക്കെതിരെ മദ്രാസ് ഹൈക്കോടതി. രാമേശ്വരം കഫേ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് തമിഴ്‌നാട്ടില്‍ പരിശീലനം ലഭിച്ചെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് ശോഭ കരന്ദ്‌ലാജെയോട് മദ്രാസ് ഹൈക്കോടതി ചോദിച്ചു.
കരന്ദ്‌ലാജെയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട് സ്വദേശി നല്‍കിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശോഭ കരന്ദ്‌ലാജെ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.
എന്‍.ഐ.എ ചെന്നൈയില്‍ തിരച്ചില്‍ നടത്തുന്നതിന് മുമ്പുതന്നെ എങ്ങനെയാണ് ഇത്തരത്തിലൊരു പ്രസ്താവന മന്ത്രി നടത്തിയതെന്ന് കോടതി ചോദിച്ചു. പരിശീലനം ലഭിച്ച വ്യക്തികള്‍ ആരാണെന്നും ആരാണ് അവരെ പരിശീലിപ്പിച്ചതെന്നും അവര്‍ എന്താണ് ചെയ്തതെന്നും നിങ്ങള്‍ക്കെങ്ങനെ അറിയാമെന്നും കോടതി ചോദിച്ചു.
മന്ത്രി നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കരന്ദ്‌ലാജെയുടെ അഭിഭാഷകന്‍ ആര്‍.ഹരിപ്രസാദ് കോടതിയില്‍ വാദിച്ചത്.
അതിനാല്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ പൊലീസിനെ അനുവദിക്കരുതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളിക്കളയുകയായിരുന്നു.
തമിഴ്‌നാടിന്റെ ഇടപെടലിനെക്കുറിച്ച് എന്‍.ഐ.എ പോലും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും യാതൊരു അടിസ്ഥാനവുമില്ലാതെ പരസ്യമായി ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ് മന്ത്രി ചെയ്തതെന്നും കോടതി വിമര്‍ശിച്ചു.
മാര്‍ച്ച് ഒന്നിന് രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തില്‍ എട്ട് പേര്‍ക്കാണ് പരിക്കേറ്റത്. ഇതുമായി ബന്ധപ്പെട്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയില്‍ മന്ത്രി വിദ്വേഷ പ്രസംഗം നടത്തിയത്.
കഫേയിലെ സ്‌ഫോടനത്തിന് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരാണെന്നായിരുന്നു മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. കേരളത്തില്‍ നിന്ന് എത്തിയവര്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുകയാണെന്നും അവര്‍ പ്രസംഗിച്ചിരുന്നു.
Content Highlight: Madras High Court to Shobha Karandlaje