Aചെന്നൈ: ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് തഞ്ചാവൂരിലെ ശ്രീ ബൃഹദീശ്വര ക്ഷേത്രത്തതില്‍ നടത്താന്‍ തീരുമാനിച്ച ധ്യാന യോഗത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ. യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍പ്പെടുന്നതാണ് ക്ഷേത്രമടങ്ങുന്ന സ്ഥലം.
2000ത്തോളം പേരാണ് രണ്ടു ദിവസത്തെ പരിപാടിക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. പരിപാടിക്കെതിരെ തഞ്ചാവൂരില്‍ നിന്നുള്ള വെങ്കടേശ്വരന്‍ എന്നയാള്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് സ്റ്റേ.
ശ്രീ ശ്രീ രവിശങ്കറിന് പരിപാടി അവതരിപ്പിക്കാന്‍ സ്ഥലം കൊടുക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ക്കും അനുവദിക്കേണ്ടി വരുമെന്നും ഇത് ഹെറിറ്റേജ് സൈറ്റിന് കേടുപാടുകളുണ്ടാക്കുമെന്നും ഹരജി പറയുന്നു. നേരത്തെ ദല്‍ഹിയില്‍ സമ്മേളനം നടത്തി യമുനാ നദീതടം ആര്‍ട്ട് ഓഫ് ലിവിങ് കേടുവരുത്തിയതും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.
പരിപാടിക്ക് വേണ്ടി ഇരുമ്പ് ഷീറ്റുകളടക്കം ഉപയോഗിച്ച് താത്ക്കാലികമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നു. ഇതെല്ലാം മാറ്റണമെന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
കോടതി ഇടപെടലിന്റെ സാഹചര്യത്തില്‍ പരിപാടി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. 1000 വര്‍ഷം പഴക്കമുള്ള തഞ്ചാവൂരിലെ വലിയ ക്ഷേത്രം ചോള കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ്.
2016ല്‍ യമുനാ നദീതടത്തില്‍ World Culture Festival നടത്തി പരിസ്ഥിതി നാശമുണ്ടാക്കിയതിന് ഹരിത ട്രിബ്യൂണല്‍ 5 കോടി പിഴ വിധിച്ചിരുന്നു.