'മന്ത്രിമാര്‍ക്ക് ഡ്രസ് കോഡെല്ലാം ഉണ്ടോ'; ഉദയനിധിയുടെ ടീ ഷർട്ടിനെതിരായ ഹരജിയില്‍ മദ്രാസ് ഹൈക്കോടതി
national news
'മന്ത്രിമാര്‍ക്ക് ഡ്രസ് കോഡെല്ലാം ഉണ്ടോ'; ഉദയനിധിയുടെ ടീ ഷർട്ടിനെതിരായ ഹരജിയില്‍ മദ്രാസ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th October 2024, 7:48 am

ചെന്നൈ: ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരായ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി. ഉദയനിധിയുടെ വസ്ത്രധാരണയെ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കോടതി ഇടപെട്ടത്.

ഉദയനിധി, udhayanidhi stalin, dress code, tamilnadu, malayalam, madras high court

ഉദയനിധി സ്റ്റാലിൻ

‘മന്ത്രിമാര്‍ക്ക് ഡ്രസ് കോഡെല്ലാം ഉണ്ടോ’ എന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. ജസ്റ്റിസുമാരായ ഡി. കൃഷ്ണകുമാറും പി.ബി. ബാലാജിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

ഔദ്യോഗിക പരിപാടികളിലേക്ക് ജീന്‍സും ടീഷര്‍ട്ടും ധരിച്ചെത്തുന്നതിലാണ് ഉപമുഖ്യമന്ത്രിക്കെതിരെ പൊതുതാത്പര്യഹരജി നല്‍കിയത്. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴും ഔദ്യോഗിക ചുമതലകള്‍ വഹിക്കുമ്പോഴും ഔപചാരിക വസ്ത്രം ധരിക്കണമെന്നാണ് ഹരജിക്കാരനായ അഭിഭാഷകന്‍ എം. സത്യകുമാര്‍ ആവശ്യപ്പെട്ടത്.

നിലവില്‍ മന്ത്രിമാരുടെ വസ്ത്രധാരണം സംബന്ധിച്ച് എന്തെങ്കിലും നിയമമമുണ്ടെങ്കില്‍ അത് കണ്ടെത്തി അടുത്ത വാദത്തില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി സത്യകുമാറിന് നിര്‍ദേശം നല്‍കി.

‘2019ലെ ഔപചാരിക വസ്ത്രധാരണരീതി’ എന്ന സര്‍ക്കാര്‍ ഉത്തരവ് ഉദയനിധി ലംഘിക്കുകയാണെന്ന് അഭിഭാഷകന്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2019 ജൂണ്‍ ഒന്നിന് പേഴ്സണല്‍ ആന്റ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിനെ മുന്‍നിര്‍ത്തിയാണ് ഉദയനിധിക്കെതിരായ ഹരജി.

എന്നാല്‍ പ്രസ്തുത ഉത്തരവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ബാധകമാകൂവെന്നും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ബാധിക്കുന്നതല്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ഉത്തരവ് കാഷ്വല്‍ വസ്ത്രങ്ങള്‍ നിരോധിക്കുന്നില്ലെന്നും ടീ ഷര്‍ട്ടുകള്‍ അനുചിതമായി തോന്നുന്നില്ലെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

ഹരജിക്കാരന് പുറമെ ഉദയനിധിക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമുള്ള ടീ ഷര്‍ട്ടുകള്‍ ഒഴിവാക്കണമെന്ന് എ.ഐ.എ.ഡി.എം.കെ ഉപമുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ടീ ഷര്‍ട്ട് ഒഴിവാക്കി ഷര്‍ട്ട് ധരിക്കണമെന്നും എ.ഐ.എ.ഡി.എം.കെ ആവശ്യപ്പെടുകയുണ്ടായി.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള നേതാക്കൾ താമര ചിഹ്നം പതിപ്പിച്ച വസ്ത്രങ്ങൾ ധരിച്ച് പൊതുവേദികളിലെത്തുന്ന സാഹചര്യത്തിൽ കൂടിയാണ് ഉദയനിധിക്കെതിരായ ഹരജി.

സെപ്റ്റംബര്‍ 22ന് നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. നിലവില്‍ സംസ്ഥാനത്തെ കായിക-യുവജനക്ഷേമ മന്ത്രിയാണ് ഉദയനിധി.

ഉദയനിധിക്ക് പുറമേ, വി. സെന്തില്‍ ബാലാജി, ഡോ.ഗോവി ചെഴിയാന്‍, ആര്‍. രാജേന്ദ്രന്‍, എസ്.എം. നാസര്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Content Highlight: Madras High Court sought an explanation from the state government on the petition against Udayanidhi Stalin